കുറ്റിച്ചൽ : വൈദ്യുതിയുണ്ടെന്നതിനു തെളിവായി രാപകൽ ഭേദമന്യേ വിളക്ക് തെളിഞ്ഞുകിടക്കുന്നു, ഫാനുകൾ ഉണ്ടെങ്കിലും പ്രവർത്തിക്കില്ല, ശൗചാലയമുണ്ടെങ്കിലും വെള്ളമില്ല. എപ്പോഴും തുറന്ന നിലയിലുള്ള കെട്ടിടത്തിലെ തറയിലും ഭിത്തിയിലും പാകിയ ടൈലുകളൊക്കെ പൊട്ടിപ്പൊളിഞ്ഞു. കുറ്റിച്ചൽ പഞ്ചായത്തിലെ കമലകം ഉന്നതിയിലെ ‘ഗ്രാമീണ പഠനകേന്ദ്ര’ത്തിന്റെ ദയനീയസ്ഥിതിയാണിത്.
ആദിവാസി വിദ്യാർഥികളുടെ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനായി ഊരുകളിൽ തന്നെ പ്രത്യേക പഠനസൗകര്യം ഒരുക്കാൻ ആരംഭിച്ച ‘ഊര് വിദ്യാകേന്ദ്ര’ങ്ങളിൽ ഒന്നാണിത്.
2014-15 -ൽ ടി.എൻ. സീമ എം.പി.യുടെ ഫണ്ടിൽനിന്നും 15 ലക്ഷം രൂപ ചെലവിട്ട് 2018-ൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്ത ഈ കേന്ദ്രം ഇപ്പോൾ സംരക്ഷണമില്ലാതെ തുറന്നുകിടക്കുന്ന സ്ഥിതിയിലാണ്.
കെട്ടിടത്തിനുള്ളിൽ ആദിവാസി വിഭാഗങ്ങൾക്ക് പഠനാവശ്യത്തിനായി എത്തിച്ച തയ്യൽ മെഷീനുകളിൽ ചിലത് നഷ്ടപ്പെട്ടു. ബാക്കിയുള്ളവ നശിച്ചു.
ഫർണിച്ചറൊക്കെ ചിതലരിച്ചും പൊട്ടിപ്പൊളിഞ്ഞും ഉപയോഗശൂന്യമായി. ടൈലുകൾ, ജനൽ ഗ്ലാസുകൾ എല്ലാം പൊട്ടിപ്പോയി. നിലവിൽ കെട്ടിടമാകെ പൊളിഞ്ഞ നിലയിലാണ്. പുറത്തായി പണിതിട്ടിരിക്കുന്ന ശൗചാലയം അടഞ്ഞുകിടക്കുന്നു. ഇവിടെ പൈപ്പും സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും വെള്ളമില്ല. പുറത്തെ ടാപ്പുകളൊക്കെ ആരോ എടുത്തുകൊണ്ടുപോയി. എപ്പോഴും വിളക്ക് കത്തിക്കിടക്കുന്ന കെട്ടിടത്തിൽ വൈദ്യുതി ബിൽ തുക അടയ്ക്കേണ്ടത് പഞ്ചായത്താണ്.
എന്നിട്ടും ഈ പഠനകേന്ദ്രം സംരക്ഷിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ആദിവാസികൾ ആരോപിക്കുന്നു.
