കിളിമാനൂർ : പാപ്പാല വാഹനാപകടത്തിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ നടപടികളിൽ വീഴ്ചവരുത്തിയ പോലീസും ഒപ്പം ചികിത്സാപ്പിഴവുവരുത്തിയ ആരോഗ്യവകുപ്പും പ്രതിയാണെന്ന് പി.സി.വിഷ്ണുനാഥ് എം.എൽ.എ. പറഞ്ഞു. സംഭവത്തിൽ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ജി.ഗിരികൃഷ്ണൻ, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമൻ, ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ പുല്ലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാരസമരം ആറാം ദിവസം നടന്ന ജനകീയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രജിത്തിന്റെ ചികിത്സാപ്പിഴവ് ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ ചൂണ്ടിക്കാട്ടിയതായി അദ്ദേഹം പറഞ്ഞു.
എം.കെ.ഗംഗാധരതിലകൻ അധ്യക്ഷനായി. കെ.പി.സി.സി. അംഗം എൻ.സുദർശനൻ, എം.എം.താഹ, ജില്ലാപ്പഞ്ചായത്തംഗങ്ങളായ ദീപ അനിൽ, സജിത്ത് മുട്ടപ്പലം എന്നിവർ പ്രസംഗിച്ചു. യോഗത്തിനുശേഷം നടന്ന സംസ്ഥാനപാത ഉപരോധത്തിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. നിരാഹാരസമരം നടത്തിയവരെ പോലീസ് അറസ്റ്റുചെയ്ത് ആശുപത്രിയിലേക്കു മാറ്റി. സംഘർഷത്തിൽ 10 പ്രവർത്തകരെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വ്യാഴാഴ്ച ആരോഗ്യവകുപ്പു മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് നേമം ഷജീർ അറിയിച്ചു.
