തിരുവനന്തപുരം : കേരളത്തിൽ അധികാരത്തിൽ വരാൻ പോകുന്ന യു.ഡി.എഫ്. സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അധ്യാപകവിരുദ്ധ നിലപാടുകൾക്കെതിരേ ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജി.സി.ടി.ഒ.) സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരുൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഏറ്റവുമധികം അവഗണിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് വി.ഡി.സതീശൻ പറഞ്ഞു. ചാണ്ടി ഉമ്മൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ജി.സി.ടി.ഒ. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.പി. ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു.
ഉന്നത വിദ്യാഭ്യാസരംഗത്തെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കുക, കുടിശ്ശിക ലഭ്യമാക്കുക, മുഴുവൻ ഗവ. കോളേജുകളിലും പ്രിൻസിപ്പൽ നിയമനം നടത്തുക, ഡി.എ. അനുവദിക്കുക തുടങ്ങിയ 13 ആവശ്യങ്ങളുമായാണ് ജി.സി.ടി.ഒ. സമരം നടത്തിയത്. മണക്കാട് സുരേഷ്, കെ.എസ്.ഗോപകുമാർ, ജെ.എസ്. അഖിൽ, ചവറ ജയകുമാർ, ബി.ഗോപകുമാർ, എ. നിസാമുദ്ദീൻ, പ്രൊഫ. എ.എബ്രഹാം എന്നിവർ സമരത്തിന് നേതൃത്വം നൽകി.
