നെയ്യാറ്റിൻകര : 19.63 കോടി രൂപ ചെലവിൽ 2023 ഡിസംബറിൽ നിർമാണോദ്ഘാടനം നടത്തിയ നെയ്യാറ്റിൻകര നഗര കുടിവെള്ള പദ്ധതിയുടെ നിർമാണം എങ്ങുമെത്തുന്നില്ല. ഒന്നരവർഷത്തെ കരാർ കാലാവധിയിൽ നിർമാണോദ്ഘാടനം നടത്തിയ പദ്ധതിയുടെ ജലശുദ്ധീകരണശാല, പമ്പ് ഹൗസ്, കിണർ, നെയ്യാറിലെ തടയണ എന്നിവയുടെ നിർമാണം എങ്ങുമെത്താത്ത നിലയിലാണ്. ജല അതോറിറ്റിയുടെ ഡിവിഷണൽ ഓഫീസ് വളപ്പിലുള്ള പഴയ പമ്പ് ഹൗസ് കെട്ടിടം പൊളിച്ചു നീക്കാത്തതാണ് നിർമാണ സ്തംഭനത്തിന് ഇടയാക്കുന്നത്.
നിലവിൽ നഗര കുടിവെള്ള പദ്ധതിയുടെ ഭാഗമായി 7.7 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭ ജലസംഭരണിയും ലാമെല്ല ക്ലാരിഫൈയർ, എയറേറ്റർ എന്നിവയുടെ നിർമാണം പൂർത്തിയാക്കി. ജലശുദ്ധീകരണശാല നിർമിക്കണമെങ്കിൽ പഴയ പമ്പ് ഹൗസ് പൊളിച്ചുനീക്കണം. പഴയ പമ്പ് ഹൗസിലെ നാലു മേഖലകളിലേക്ക് വെള്ളം പമ്പ് ചെയ്തിരുന്ന നാലു സെറ്റ് പമ്പുകൾ ഇളക്കി പുതിയ ഭൂഗർഭ ജലസംഭരണിയിൽ സ്ഥാപിക്കണം. ഇതിനു ശേഷമെ പഴയ കെട്ടിടം പൊളിച്ചുനീക്കി അവിടെ പുതിയ ജലശുദ്ധീകരണശാല നിർമിക്കാനാകൂ.
നാലു സെറ്റ് പമ്പുകളിൽ ഒരുസെറ്റ് പമ്പ് മാത്രമാണ് ഇതുവരെ മാറ്റിസ്ഥാപിച്ചത്. പുതിയ നഗര കുടിവെള്ള പദ്ധതിയുടെ നിർമാണച്ചുമതല ജല അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷനാണ്. എന്നാൽ പമ്പുകൾ മാറ്റിസ്ഥാപിച്ച് കെട്ടിടം പൊളിച്ചുനീക്കാനുള്ള ചുമതല ജല അതോറിറ്റിയുടെ ഡിവിഷണൽ ഓഫീസിനുമാണ്. ജലഅതോറിറ്റിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് പഴയ കെട്ടിടം പൊളിച്ചുനീക്കുന്നത് വൈകിക്കുന്നത്.
:നെയ്യാറ്റിൻകര ജല അതോറിറ്റിയുടെ ഡിവിഷണൽ ഓഫീസ് വളപ്പിൽ 2023 ഡിസംബറിലാണ് 16 എം.എൽ.ഡി.യുടെ പുതിയ കുടിവെള്ള പദ്ധതിക്ക് തുടക്കമിട്ടത്. ഒന്നരവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കരാർ നൽകിയത്. എന്നാൽ ജല അതോറിറ്റി വളപ്പിലെ മരങ്ങൾ മുറിച്ചുമാറ്റാനും പഴയ ഉപയോഗശൂന്യമായ ക്വാർട്ടേഴ്സ് കെട്ടിടം പൊളിച്ചുനീക്കാനുമായി 13 മാസമെടുത്തു.
തുടർന്ന് 2025 ജനുവരിയിലാണ് പുതിയ ജലസംഭരണിയുടെ നിർമാണം ആരംഭിച്ചത്. 7.7 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂഗർഭജല സംഭരണിയും ലാമെല്ല ക്ലാരിഫൈയറും എയറേറ്ററും നിർമിച്ചു. ഇതിനിടെ കരാർ കാലാവധി തീർന്നതിനാൽ സർക്കാർ വീണ്ടും കാലാവധി നീട്ടിനൽകി.
പുതിയ കരാർ കാലാവധി മേയ് 31-ന് അവസാനിക്കും. ഈ കാലയളവിനുള്ളിൽ നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ പിന്നെ റീടെൻഡർ ചെയ്യേണ്ടിവരും.
നിലവിൽ 400 കിലോവാട്ട് ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള സബ്സ്റ്റേഷന്റെയും പമ്പ് ഓപ്പറേറ്റേഴ്സ് മുറിയുടെ നിർമാണവുമാണ് നടക്കുന്നത്. ഇതിനൊപ്പം നെയ്യാറിലെ കുരവണിക്കടവിൽ കിണറിന്റെയും പമ്പ് ഹൗസിന്റെയും നിർമാണം ആരംഭിച്ചു.
എന്നാൽ പമ്പ് ഹൗസിന് സമീപത്തായി നെയ്യാറിന് കുറുകെ തടയണ നിർമിക്കണം. ഇത് ജലസേചന വകുപ്പാണ് ചെയ്യേണ്ടത്. തടയണ നിർമിക്കാനായി ഏഴു കോടി രൂപ ജലസേചന വകുപ്പിന് കൈമാറിയിട്ട് മാസങ്ങളായിട്ടും ഇതുവരെ പണികൾ ആരംഭിച്ചിട്ടില്ല. അതിനിടയിലാണ് ജല അതോറിറ്റി ഡിവിഷണൽ ഓഫീസ് വളപ്പിലെ പഴയ പമ്പ് ഹൗസ് പൊളിച്ച് നീക്കാതിരിക്കുന്നത്.പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കരമന-കളിയിക്കാവിള ദേശീയപാത വഴിയുള്ള പൈപ്പിടൽ നടക്കാതിരുന്നു.എന്നാൽ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ അനുമതി ലഭിച്ചതോടെ പൈപ്പിടൽ പുനരാരംഭിച്ചിട്ടുണ്ട്.വിശ്വഭാരതി റോഡിൽ നിന്നും കരമന-കളിയിക്കാവിള റോഡ് മുറിച്ചുകടന്ന് കോടതി റോഡിലേക്ക് പൈപ്പിടുന്ന ജോലികൾ ആരംഭിച്ചു.ഇതിന്റെ തുടക്കമായി റോഡിന്റെ വശത്തായി രണ്ടര മീറ്റർ താഴ്ചയിൽ ട്രയൽ പിറ്റെടുത്തു. ഇനി രാത്രിയിൽ റോഡ് മുറിച്ചുകടക്കുന്ന ജോലികൾ ആരംഭിക്കും. 600, 250 എം.എം. ഡക്റ്റൈയിൽ അയൺ പൈപ്പാണ് ഇടേണ്ടത്. ഈ പൈപ്പുകൾ കൃഷ്ണൻകോവിൽ കവല വഴി കുരവണിക്കടവ് വരെ ഇടണം.
