വിതുര : അധികൃതരുടെ അനാസ്ഥയ്ക്കൊപ്പം ചായം മരുതുംമൂട് റോഡിലെ ദർപ്പ വളവിൽ അപകടങ്ങളും തുടരുന്നു. ചെറ്റച്ചൽ- വെള്ളനാട് റോഡ് നവീകരണത്തിന്റെ ഭാഗമായി സുരക്ഷാസംവിധാനങ്ങൾ ഒരുക്കാത്തതും വീതിയില്ലാത്ത പാലവും അപകടവളവുമാണ് അപകടങ്ങളുണ്ടാക്കുന്നത്.
കഴിഞ്ഞദിവസം വിതുരയിൽനിന്നു വന്ന കാർ എതിരേ വന്ന രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിച്ചതാണ് ഒടുവിലുണ്ടായ അപകടം. പാലോട്-വിതുര റോഡിൽ വർഷങ്ങളായി അപകടങ്ങൾ സംഭവിക്കുന്ന ഭാഗമാണ് ദർപ്പ ജങ്ഷൻ.
ചായത്തുനിന്നു വരുമ്പോഴുള്ള കൊടുംവളവാണ് പ്രധാന അപകടസ്ഥലം. റോഡ് നവീകരിച്ചതോടെ വാഹനാപകടങ്ങളുടെ എണ്ണം കുറയുന്നതിനു പകരം കൂടുകയാണുണ്ടായത്. റോഡിന്റെ വീതി കൂടിയതോടെ വളവും കൂടി. വശത്തെ ഓട റോഡിനോടു ചേർന്നതാണ് പ്രധാന കാരണം.
ഓടയിൽനിന്നു മാറിവരുന്ന വാഹനങ്ങൾ വലതുവശം ചേർന്നാണ് വളവു തിരിയുക. ഇതുമൂലം എതിരേ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നു. വളവ് കഴിഞ്ഞെത്തുന്ന വാഹനങ്ങൾ കയറുന്നത് വീതിയില്ലാത്ത പാലത്തിലേക്കാണ്. രണ്ടുവശങ്ങളിലുംനിന്നു വരുന്ന ചെറിയ വാഹനങ്ങൾക്ക് മാത്രമാണ് കഷ്ടിച്ച് പാലത്തിലൂടെ കടന്നുപോകാൻ കഴിയുക.
വാഹനത്തിരക്ക് കൂടുതലുള്ള, രാവിലെ 7മുതൽ 9വരെയും വൈകീട്ട് 3മുതൽ 5വരെയുമാണ് അപകടങ്ങളിലേറെയും സംഭവിക്കുന്നത്.സ്കൂൾ വാഹനങ്ങൾക്കൊപ്പം സ്വകാര്യ ബസുകളുടെ എണ്ണവും ഈസമയങ്ങളിലാണ് കൂടുതൽ.കൊടുംവളവിൽ കണ്ണാടി സ്ഥാപിക്കണമെന്ന ആവശ്യം നടപ്പാക്കിയിട്ടില്ല. അപകടങ്ങൾ പതിവാകുമ്പോഴും അധികാരികളുടെ അനാസ്ഥ തുടരുകയാണ്.
ദർപ്പപ്പാലത്തിന്റെ വീതിക്കുറവും റോഡിനോടു ചേർന്ന ഓടയുമാണ് അപകടങ്ങൾക്കു പ്രധാന കാരണം.കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 23 വാഹനാപകടങ്ങളാണ് ദർപ്പയിൽ നടന്നത്. പോലീസുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് ജീവൻ നഷ്ടമായി.കൊടുംവളവിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മാത്രമല്ല, പാലത്തിന്റെ വീതിക്കുറവ് മൂലം തോട്ടിലേക്ക് മറിഞ്ഞും അപകടങ്ങളുണ്ടാകുന്നു. കഴിഞ്ഞ നവംബറിൽ രണ്ടു കാറുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
