വിളവൂർക്കൽ : കരമനയാറിന്റെ തീരത്ത് കുടിവെള്ളം മലിനമാക്കുന്ന കൊടുംക്രൂരത. വിളവൂർക്കൽ പഞ്ചായത്തിൽ വിഴവൂർ കുണ്ടറത്തോപ്പിലാണ് ആശുപത്രി മാലിന്യമുൾപ്പെടെയിട്ട് ആറ് മലിനമാക്കുന്നതും മണ്ണിട്ട് തീരം നികത്തുന്നതും.
ഇതിനു സമീപമാണ് ചൂഴാറ്റുകോട്ടയിൽ കുടിവെള്ളപദ്ധതിയുടെ ജലസംഭരണിയുള്ളത്. അവിടെ നിന്നുമെടുക്കുന്ന വെള്ളമാണ് വിളവൂർക്കൽ, പള്ളിച്ചൽ, ബാലരാമപുരം എന്നീ മൂന്ന് പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നത്.
രണ്ടു വർഷത്തിലേറെയായി പെരുകാവ് ശാസ്താംകോവിൽ റോഡിലെ കരമനയാറിന്റെ തീരത്ത് അഞ്ച് ഏക്കറോളം ഭൂമി മണ്ണും മാലിന്യവുമിട്ട് നികത്തുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതു കാണാതിരിക്കാൻ റോഡരികിൽ പതിനഞ്ച് അടിയോളം ഉയരമുള്ള തകരഷീറ്റ് സ്ഥാപിച്ച് മറച്ചിരിക്കുന്നു.
ബുധനാഴ്ചയാണ് വൻതോതിലുള്ള മാലിന്യനിക്ഷേപം നാട്ടുകാരിൽ ചിലർ കാണുന്നത്. ഉടൻ പഞ്ചായത്ത് അധികൃതരേയും ജനപ്രതിനിധികളേയും വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് വർഷങ്ങളായി തുടരുന്ന വലിയതോതിലുള്ള കുടിവെള്ള മലിനീകരണം നാട് അറിയുന്നത്.
ആശുപത്രി മാലിന്യത്തിനു പുറമെ പഴയ വീടുകളുടെ അവശിഷ്ടങ്ങൾ, ശുചിമുറികളിലെ ക്ലോസറ്റുകൾ, മരങ്ങൾ മുറിക്കുന്നതിന്റെ അവശിഷ്ടങ്ങൾ തുടങ്ങി ദുർഗന്ധമുയർത്തുന്ന അഴുകിയ മാലിന്യങ്ങളടങ്ങിയ പ്ലാസ്റ്റിക് ചാക്കുകളുമിവിടെ തള്ളിയിരിക്കുന്നത് കാണാം.
മാലിന്യത്തിനു മുകളിൽ മണ്ണിട്ട് മൂടുന്നതാണിവിടത്തെ രീതി. അര ഏക്കറിലധികം ഭൂമിയിവിടെ പുറമ്പോക്കായുണ്ടെന്നും ഇതുകൂടി നികത്തിയിട്ടുള്ളതായും പരാതിയുണ്ട്.
ആറിനോട് ചേർന്ന സ്ഥലമായതിനാൽ മഴയിൽ മാലിന്യത്തിൽ നിന്നുമൊഴുകിയെത്തുന്ന കറുത്ത നിറമുള്ള മലിനജലം കരമനയാറിലേയ്ക്കൊഴുകുന്നു. വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് വിനയൻ വിഷയം ആരോഗ്യവിഭാഗത്തിനെ അറിയിക്കുകയും ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇഷ്ടികക്കളമായിരുന്ന ഇവിടെ നൂറടിയോളം താഴ്ചയുള്ള സ്ഥലത്ത് വർഷങ്ങളായി മാലിന്യവും മണ്ണുമിട്ട് നികത്തുകയാണ്.
സമീപത്തെ എരിക്കലംകുന്ന് ഇടിക്കുന്ന വൻതോതിലുള്ള മണ്ണിവിടെ നിക്ഷേപിക്കുന്നു.
