
തിരുവനന്തപുരം : കഴക്കൂട്ടം-കാരോട് ദേശീയപാതയിലെ പരുത്തിക്കുഴി മുതൽ കുമരിച്ചന്തവരെയുള്ള സർവീസ് റോഡ് കൈയേറി വീണ്ടും വാഹനങ്ങളുടെ നീണ്ട നിരയിലുള്ള പാർക്കിങ്.
പൂന്തുറ പോലീസും ട്രാഫിക് പോലീസും പാർക്കിങ്ങിനെതിരേ വാഹനയുടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പോലീസിന്റെയും ട്രാഫിക് പോലീസിന്റെയും ചട്ടങ്ങളെ വെല്ലുവിളിച്ചാണ് സ്വകാര്യവ്യക്തികൾ വീണ്ടും വാഹനങ്ങൾ പാർക്കുചെയ്യുന്നത്. ഇത് നാട്ടുകാർക്കും ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഏഴരമീറ്റർ വീതിയിൽ നിർമിച്ചിട്ടുള്ള റോഡിന്റെ ഇരുവശത്തും ചരക്കുവാഹനങ്ങൾ, സ്വകാര്യ വ്യക്തികളുടെ കാറുകൾ, ഓട്ടോറിക്ഷകൾ, ആക്രിസാധനങ്ങൾ എന്നിവ റോഡിൽ നിരത്തിയിട്ടുണ്ട്. രാവിലെയും വൈകിട്ടും സ്കൂൾക്കുട്ടികളുമായി കടന്നുപോകുന്ന വാനുകൾക്കും ബസിനും കടന്നുപോകാനാവാത്ത സ്ഥതിയാണ്.
മറ്റു വാഹനങ്ങൾക്ക് തടസ്സമാകുന്ന വാഹനങ്ങളെ റോഡിൽനിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് നിരവധിതവണ പൂന്തുറ പോലീസ് വാഹനയുടമകൾക്ക് നോട്ടീസ് നൽകിയിരുന്നു.
ചില വാഹനയുടമകൾക്ക് പിഴയും ചുമത്തിയിരുന്നു. എന്നാൽ, ഇപ്പോഴും വാഹനങ്ങൾ നിരത്തിയുള്ള പാർക്കിങ് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാരും പരാതിപ്പെട്ടു.
:വൈകീട്ടും രാത്രിയിലും മൂന്നും നാലുംപേർ ഒരുമിച്ച് ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടറുകളിലും ബൈക്കുകളിലും അമിതവേഗതയിൽ സഞ്ചരിച്ചുള്ള യാത്രയും നിരവധി അപകടങ്ങൾക്കു കാരണമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 27-ന് രാത്രി പൂന്തുറ സ്വദേശികളായ മൂന്ന് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ എതിരേവന്ന ബൈക്കിലിടിച്ച് ബൈക്കോടിച്ചിരുന്ന യുവാവിന്റെ വയറിന് ഗുരുതര പരിക്കേറ്റിരുന്നു.
ഇതേസ്ഥലത്ത് മൊബൈൽ ഫോണിൽ സംസാരിച്ച് വരുകയായിരുന്ന യുവാവിന്റെ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ച് പള്ളിത്തെരുവ് സ്വദേശിയായ യുവാവിന്റെ മുഖത്തെ എല്ലുകൾ പൊട്ടി ചികിത്സയിലാണ്.
രാത്രികാലങ്ങളിൽ കുമരിച്ചന്ത മുതൽ പരുത്തിക്കുഴി-കല്ലുമ്മൂട് അടിപ്പാതവരെയുള്ള സർവീസ് റോഡിൽ സാധാരണക്കാർക്ക് നടക്കാനോ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കാനോ കഴിയാത്തരീതിയിലുള്ള ബൈക്കും സ്കൂട്ടറും ഉപയോഗിച്ചുള്ള റേസിങ്ങുമുണ്ട്.
രാത്രികാല പോലീസ് പട്രോളിങ് നടത്തി അമിതവേഗക്കാരെ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
