
തിരുവനന്തപുരം: പാർട്ടി യോഗങ്ങളിലെ വിവരങ്ങൾ പുറത്തേക്ക് ചോരുന്നത് തടയാൻ അസാധാരണ നടപടിയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ നേതൃത്വം. ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിന് സമ്മതം നൽകുന്ന തരത്തിലുള്ള സമ്മതപത്രത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് ഒപ്പിട്ട് വാങ്ങി.
വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് ജില്ലാ നേതൃത്വത്തിന്റെ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് ഇതിനായി പ്രത്യേക അപേക്ഷാ ഫോമിന്റെ മാതൃകകൾ നൽകിയതായാണ് വിവരം.
ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് സമ്മതപത്രത്തിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിക്കാതെ ഒപ്പിട്ട് നൽകിയതായും സൂചനയുണ്ട്.
അതേസമയം, ജില്ലാ നേതൃത്വത്തിന്റെ നടപടിയിൽ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് വിവരം. പാർട്ടി യോഗങ്ങളിലെ ചർച്ചകളും തീരുമാനങ്ങളും പുറത്തേക്ക് പോകുന്നത് തടയാനാണ് നടപടി സ്വീകരിച്ചതെന്നാണ് നേതൃത്വത്തിന്റെ നിലപാട്.
വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് മുന്നോടിയായി പാർട്ടിക്കുള്ളിൽ തന്നെ നടപടി ചർച്ചയായിട്ടുണ്ട്. ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട സമ്മതപത്രം എത്രത്തോളം പ്രായോഗികവും അംഗീകരിക്കാവുന്നതുമാണെന്നതിലും പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസമുണ്ട്.
