
തിരുവനന്തപുരം : വിവാദ വിമാന യാത്രയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്കുള്ള ചാർട്ടേഡ് വിമാന യാത്രയ്ക്ക് ആരാണ് പണം മുടക്കിയതെന്ന് താൻ എന്തിന് പറയണമെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആര് പണം മുടക്കി എന്നത് പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വേണ്ടി വന്നാൽ ഇനിയും വിമാനയാത്ര നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ അപകടമാണ് മലപ്പുറത്ത് ഉണ്ടായത്. പോയില്ലെങ്കിൽ 6 പേര് മരിച്ചിട്ടും പോകാത്തതെന്താണെന്ന് ചോദിക്കും. മുഖ്യമന്ത്രി തിരിഞ്ഞു നോക്കിയില്ലെന്ന് പറയും. പരിചയക്കാരൻ വിമാനം അറേഞ്ച് ചെയ്തു തന്നു. അതിലെന്താണ് തെറ്റെന്നും മുഖ്യമന്ത്രി ആരാഞ്ഞു. മലയാളി ആയ ഒരാൾ അറേഞ്ച് ചെയ്ത ഫ്ലൈറ്റിലാണ് പോയത്. ഇനിയും പോകും. അതിൽ എന്താണ് തെറ്റ്.
മുൻ മുഖ്യമന്ത്രി പിണറായിയും, ഉമ്മൻ ചാണ്ടിയും ഇത്തരത്തിൽ ചാർട്ടേഡ് വിമാനത്തിൽ പോയിട്ടുണ്ട്. പിണറായി ആരുടെ വിമാനത്തിൽ പോയി എന്ന് ഞാൻ പ്രതിപക്ഷത്തുള്ളപ്പോൾ ഞാൻ ചോദിച്ചില്ല. വിമാനം അറേഞ്ച് ചെയ്യുന്നവർ ഔദാര്യം കൈപറ്റുന്നവരല്ല. ഇനിയും താൻ പോകുമെന്നും ആരാണ് പണം മുടക്കിയതെന്ന് പറയില്ലന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
