
10 മിനിറ്റിനകം എത്തുമെന്ന് ഫോണിൽ വിളിച്ചു പറഞ്ഞ മകന്റെ ചേതനയറ്റ ശരീരം പാങ്ങാപ്പാറയിലെ വീട്ടുമുറ്റത്തേക്കു കൊണ്ടുവന്നപ്പോൾ വാവിട്ടു കരഞ്ഞ പിതാവ് മധുവിനെയും മാതാവ് ധർമജയെയും ആശ്വസിപ്പിക്കാനാകാതെ ഒരു നാടാകെ വിറങ്ങലിച്ചുനിന്നു. ‘‘അച്ചുവേ, നീ എഴുന്നേറ്റ് വാടാ… ഞാൻ പറഞ്ഞാൻ നീ എഴുന്നേറ്റ് വരില്ലേ’’ – പിതാവ് മധു ചോദിച്ചപ്പോൾ കൂടിനിന്നവരുടെ എല്ലാം കണ്ണുനിറഞ്ഞു. ഒന്നുമറിയാത്ത തങ്ങളുടെ കുഞ്ഞിനെ എന്തിനു കൊന്നുവെന്ന ചോദ്യമാണു കുടുംബാംഗങ്ങൾ കണ്ണീരോടെ ആവർത്തിച്ചു ചോദിച്ചത്. പ്രണയപ്പകയിൽ കൊടുംക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട പതിനേഴുകാരൻ എ.ഡി.അഭിരാമിനെ അവസാനമായി കാണാൻ സഹപാഠികളും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകളാണു വീട്ടിലേക്ക് ഒഴുകിയെത്തിയത്.

സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നു രാവിലെ പത്തേകാലോടെയാണ് പാങ്ങാപ്പാറയിലെ വാടകവീട്ടിലേക്കു കൊണ്ടുവന്നത്. പ്രിയപ്പെട്ടവന്റെ മൃതദേഹത്തിനു മുന്നിൽ മുത്തശ്ശിയും ചേച്ചിയും അലമുറയിട്ടു കരഞ്ഞു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ വീട്ടിലെത്തിയിരുന്നു. കഴക്കൂട്ടം ശാന്തിതീരത്താണ് സംസ്കാരം
