നാഗരാജനു പിന്നാലെ ബിന്ദുവും വിട പറഞ്ഞു ;നെയ്യാർഡാം:നെയ്യാർ സിംഹ സഫാരി പാർക്കിൽ ആകെയുണ്ടായിരുന്ന പെൺ സിഹം ബിന്ദുവും ചത്തു. വാർധക്യം ബാധിച്ചു ചികിത്സയിൽ ആയിരുന്നു ബിന്ദു. ഒരാഴ്ചയിലേറെയായി മരുന്നുകളും ചികിത്സയുമായി കഴിഞ്ഞിരുന്ന സിംഹം ബുധനാഴ്ച രാവിലെ 5 .30 നോടടുപ്പിച്ചാണ്ണ് ചത്തത്.ഇതോടെ 1984 ൽ നെയ്യാർ ഡാം മരക്കുന്നം ദ്വീപിൽ പത്തേക്കറോളം വിസ്തൃതിയിൽ സിംഹങ്ങളെ പാർപ്പിച്ചു സന്ദർശകർക്ക് ഇവയെ അടുത്തറിയാൻ അവസരം ഉണ്ടായിരുന്ന ഏക സഫാരി പാർക്ക് ഒർമ്മയിൽ ആകുന്നു.ബിന്ദു ഇല്ലാതായതോടെ ചികിത്സയ്ക്കായി ഇവിടെയെത്തിച്ച രണ്ടു കടുവകൾ മാത്രമാണ് ഇപ്പോഴുള്ളത്. വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം പി പി ഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥർ പോസ്റ്റ് മോർട്ടം നടത്തിയത്.ഉച്ചയോടെ കഴിഞ്ഞ പോസ്റ്റ് മോർട്ടത്തിന് ശേഷം പാർക്കിലെ വശത്തായി ബിന്ദുവിന്റെ ജഡം സംസ്ക്കരിച്ചു . ചീഫ് വെറ്റിനറി ഡോക്ടർ റിട്ട ഈ കെ ഈശ്വരൻ ,അസിസ്റ്റന്റ് ഫോറെസ്റ് വെറ്റിനറി ഓഫീസർ ഡോ ഷിജു എസ് വി വൈൽഡ് ലൈഫ് വാർഡൻ ജെ ആർ അനി , അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ജി സന്ദീപ് കുമാർ, ഡബ്ള്യു ഡബ്ള്യു എഫ് . എ കെ ശിവകുമാർ എസ് എഫ് ഓമാരായ സുനിൽ,ഷിബു ബി എഫ് ഓ മാരായ രേവതി. ദിവ്യ, ജാസ്മിൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നടപടികൾ.
1984 ൽ നാലു സിംഹങ്ങളെ എത്തിച്ചാണ് ഇന്ത്യയിലെ ആദ്യ ലയൺസഫാരി പാർക്കിൽ സന്ദർശകരെ അനുവദിച്ചു തുടങ്ങിയത്..പിന്നീട് ഇവ പെറ്റു പെരുകി 17 സിംഹങ്ങളിൽ വരെയെത്തി .ലയൻ സഫാരി പാർക്ക് കാരണം വകുപ്പിന് വരുമാനം വർഷംതോറും കോടികൾ വരുമനം നേടാനായി എങ്കിലും ഇവയെ തീറ്റി പോറ്റുന്ന ചിലവ് ഭാരമെന്ന് പറഞ്ഞു 2005 ൽ ആണ് സിംഹങ്ങളെ വന്ധ്യകരണം നടത്തിയത്.ഇതു പാർക്കിന്റെ നാശത്തിനു തുടക്കം കുറിച്ചു. 2000 എത്തിയപ്പോൾ 17 ആയി ഉയർന്ന സിംഹങ്ങളുടെ എണ്ണം 2005ൽ വന്ധ്യകരണം നടത്തിയതിനെ തുടർന്നുള്ള അണുബാധയും ചിലതു വാർധക്യം ആയതും ഒക്കെയായി 2018ൽ 2 സിംഹമായി കുറഞ്ഞു.ഒടുവിൽ 2019 ൽ ഒന്നിനെ കൂടെ എത്തിച്ചു എങ്കിലും അതും ചത്തു ഇപ്പോൾ 2021 എത്തുമ്പോൾ ലയൺ സഫാരി പാർക്കിൽ സിംഹങ്ങൾ തന്നെ ഇല്ലാതായി.
ഇവിടെ വന്യ മൃഗങ്ങളുടെ ട്രീറ്റ്മെന്റ്റ് സെന്റർ ആക്കാൻ നീക്കം നടന്നിരുന്നു.ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് മലയണ്ണാനെ കൊടുത്തു കരാർ ഉറപ്പിച്ച് ഗുജറാത്തിലെ ഗീർ വനത്തിൽ നിന്നും രണ്ടു സിംഹങ്ങളെ എത്തിച്ചത്.ഇതിൽ ഒരു സിംഹം തിരുവനന്തപുരത്തു മൃഗശാലയിൽ എത്തിച്ചു പരിപാലിക്കുന്നതിനിടെ ദിവസങ്ങൾക്കുള്ളിൽ തന്നെ ചത്തു.ഒടുവിൽ ഇവിടെ നിന്നും നാഗരാജനെ നെയ്യാർ ലയൺ സഫാരി പാർക്കിൽ 2019 സെപ്റ്റംബറിൽ എത്തിക്കുകയും ചെയ്തു എങ്കിലും രണ്ടു വർഷം പിന്നിട്ട് ആഴ്ചകൾക്ക് മുൻപ് നാഗരാജനും ചത്തു.വാർധക്യം ആണ് പറയുന്നത് എങ്കിലും 12 വയസായിരുന്നു നാഗരാജന്റെ പ്രായം. 20
വയസുവരെയാണ് സിംഹങ്ങളുടെ ആയുസെന്നാണ് വിലയിരുത്തൻ.
അധികൃതരുടെ അനാസ്ഥകാരണം നെയ്യാർ ഡാമിലെ വന്യജീവി കാഴ്ചകൾ അച്ചടിച്ച പുസ്തകത്തിലെ ചിത്രങ്ങളായി അവശേഷിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്


