കാട്ടാക്കട : ക്ഷേത്ര വളപ്പിലെ പടിക്കെട്ടിൽ ഓൺലൈൻ പഠിക്കുകയായിരുന്ന വിദ്യാർഥികൾക്ക് മർദനമേറ്റ വിഷയത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. കുട്ടികളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ടുവന്നശേഷം നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു. കാട്ടാക്കട ഡിവൈഎസ്പി എസ്.ഷാജി തിങ്കളാഴ്ച റൂറൽ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പൊലീസിന്റെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടി കാട്ടിയതായാണ് വിവരം
അഞ്ചു ഉദ്യോഗസ്ഥർക്കെതിരെയാണു റിപ്പോർട്ടിൽ പരാമർശം. സംഭവം സംബന്ധിച്ച് ഉന്നത തലത്തിൽ അന്വേഷണം തുടങ്ങി. ഇന്റലിജൻസ് മേധാവിയും സൗത്ത് സോൺ ഐ.ജി.യും ഫോണിൽ വിശദാംശങ്ങൾ ശേഖരിച്ചു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉടൻ ഉണ്ടാവുമെന്നാണ് സൂചന. എന്നാൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറിവന്ന ഉദ്യോഗസ്ഥരായതിനാൽ ഇവരെ ഉടൻ സ്ഥലം മാറ്റി പ്രതിഷേധം ഒതുക്കാനും ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്
