വെള്ളറട : അതിർത്തിഗ്രാമങ്ങളിലെ ജനങ്ങൾ സർക്കാരിന്റെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും മറികടക്കുന്നു. ആൾക്കാർ കൂടിനിൽക്കുന്നത് സാധാരണമായി. നിയന്ത്രിക്കാൻ ചുമതലപ്പെട്ടവർ ഇടപെടുന്നില്ല . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 കടന്നതോടെ കുന്നത്തുകാൽ,ആര്യങ്കോട്, അമ്പൂരി
ഗ്രാമപ്പഞ്ചായത്തുകളിൽ കഴിഞ്ഞദിവസം ജില്ലാകലക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ശനി,ഞായർ ദിവസങ്ങളിൽ ആൾക്കാർ വീട്ടിലിരുന്നു. പുറത്തിറങ്ങിവർക്ക് പിഴയും കിട്ടി. എന്നാൽ ഇന്നലെ രാവിലെ മുതൽ സ്ഥിതി ആകെമാറി. 5 പേരിലധികം ഒരുമിച്ചുകൂടരുതെന്ന നിർദേശം എല്ലായിടത്തും ലംഘിക്കപ്പെട്ടു.
നിരോധനാജ്ഞ നിലനിൽക്കുന്ന പ്രദേശങ്ങളിലെല്ലാം ചന്തകൾ പ്രവർത്തിച്ചു. ആൾക്കാരും കൂടി. തലേന്നാൾ തലങ്ങും വിലങ്ങും പാഞ്ഞ് പിഴ ഈടാക്കിയ പൊലീസ് ഇന്നലെ വിവരം അറിയിച്ചിട്ടും അനങ്ങിയില്ല. കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിലുൾപ്പെട്ട പുല്ലന്തേരിയിലെ ചന്തയിൽ പതിവിൽക്കവിഞ്ഞ തിരക്കായിരുന്നു. റോഡുവക്കിലായതിനാൽ അപകടസാധ്യതയും ഇവിടെ കൂടതലാണ്. സാധനങ്ങൾ വാങ്ങിയിട്ട് റോഡിലേക്ക് തിരിയുന്നതാണ് അപകടമുണ്ടാക്കുന്നത്. വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ റോഡുകളിലെല്ലാം തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടം കാണാമായിരുന്നു.
