തിരുവനന്തപുരം: സിനിമയ്ക്ക് വേണ്ടി എഴുതിയ ഗാനത്തിൽ മാർക്സിസത്തെ പുകഴ്ത്തിയതിന് കവി മുരുകൻ കാട്ടാക്കടയ്ക്കെതിരെ വധഭീഷണിയുണ്ടായ സംഭവത്തിൽ കാട്ടാക്കട പൊലീസ് കേസെടുത്തു.
സംഭവത്തിൽ റൂറൽ എസ് പിക്കും സൈബർസെല്ലിലും കവി പരാതി നൽകിയിരുന്നു.ഈ പരാതിയാണ് കാട്ടാക്കട പൊലീസിന് കൈമാറിയത്.ഇന്നലെ കാട്ടാക്കട പൊലീസ് കവിയുടെ മൊഴി രേഖപ്പെടുത്തി.
ചോപ്പ്’ എന്ന ചിത്രത്തിനായി മുരുകൻ കാട്ടാക്കട എഴുതിയ ‘മനുഷ്യനാകണം’ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു വധഭീഷണിക്ക് കാരണം. ഈ പാട്ടിൽ മാർക്സിസം എന്ന വാക്ക് ഉൾപ്പെടുത്തിയത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഫോൺവഴി വധഭീഷണിയുണ്ടായത്. വീട്ടിലെത്തി ഇഞ്ചിഞ്ചായി അപകടപ്പെടുത്തുമെന്നും ഭീഷണിയുണ്ടായിരുന്നു. തുടർന്നാണ് കവി മുരുകൻ കാട്ടാക്കട ഫോൺ നമ്പർ സഹിതം റൂറൽ എസ്പിക്കും സൈബർ സെല്ലിനും പരാതി നൽകിയത്.ഈ നമ്പർ സൈബർസെൽ നിരീക്ഷിച്ചുവരികയാണ്.സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ ഗാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനും എൽ ഡി എഫ് ഉപയോഗിച്ചിരുന്നു..
