യു.എ.പി.എ ചുമത്തി യു.പി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. ചികിത്സക്ക് ശേഷം സ്വാഭാവിക ജാമ്യത്തിനു വേണ്ടി വിചാരണ കോടതിയെ സമീപിക്കാവുന്നതാണ്. കെ.യു.ഡബ്ല്യു.ജെയും സിദ്ദീഖിന്റെ ഭാര്യയും നടത്തിയ നിയമ പോരാട്ടത്തിന് ഭാഗികമായെങ്കിലും ആശ്വാസമേകുന്നതാണ് സുപ്രിംകോടതി വിധി. ആറ് മാസത്തിലേറെയായി മഥുരയിൽ കഴിയുന്ന അദ്ദേഹത്തെ കിടക്ക അടക്കം നൽകി ഡൽഹിയിലേക്ക് മാറ്റണമെന്നാണ് സുപ്രിം കോടതി ഉത്തരവ്.
കോവിഡ് മുക്തനായ സിദ്ദീഖിനെ മഥുര ജയിലിലേക്ക് മാറ്റണമെന്ന് യു.പി സോളിസിറ്റർ ജനറൽ വാദിച്ചെങ്കിലും സുപ്രിംകോടതി ഇക്കാര്യം നിരസിക്കുകയായിരുന്നു. സംഘർഷമുണ്ടാക്കാനാണ് കാപ്പൻ ശ്രമിച്ചതെന്നും യു.പി സർക്കാർ വാദിച്ചു. രാം മനോഹർ ലോഹ്യ ആശുപത്രിയിലേക്കോ എയിംസിലേക്കോ സിദ്ദീഖിനെ മാറ്റും. കൂടെനിന്ന എല്ലാവർക്കും നന്ദിയും കടപ്പാടുമുണ്ടെന്നും സത്യം തെളിയുന്നതു വരെ എല്ലാവരും ഒപ്പമുണ്ടാകണമെന്നും സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പ്രതികരിച്ചു.
