തിരുവനന്തപുരം : വാക്സീൻ രണ്ടാംഘട്ട ഡോസിന് ഓൺലൈൻ വഴി രജിസ്ട്രേഷൻ നിർബന്ധമാക്കിയതറിഞ്ഞ് ബുക്ക് ചെയ്ത് ചെന്നവർക്ക് ആശുപത്രി അധികൃതർ നല്കുന്നത് നിരാശമാത്രം. ഓൺലൈൻ ബുക്കിങ് എന്താ സോറി ഞങ്ങൾക്ക് അതിനെപറ്റി അറിയില്ല എന്നാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് കിട്ടിയ മറുപടി.സ്പോട് റജിസ്ട്രേഷൻ തൽക്കാലം നിർത്തിവയ്ക്കുമെന്നും ഓൺലൈൻ ബുക്കിങ് വഴി വിതരണം കാര്യക്ഷമമാക്കുമെന്നുമായിരുന്നു തലേന്ന് സർക്കാർ വാദം.എന്നാൽ ജില്ലയിൽ വാക്സീൻ വിതരണം നടന്ന 20ൽ താഴെ സർക്കാർ കേന്ദ്രങ്ങളിൽ ആർക്കും പ്രത്യേകിച്ചൊരു നിർദ്ദേശവും ലഭിച്ചിരുന്നില്ല.പേപ്പറിൽ എഴുതി നൽകിയ ടോക്കണുകൾ തന്നെയായിരുന്നു മിക്കയിടത്തും വാക്സിനുള്ള മാനദണ്ഡം. ടോക്കൺ സ്വന്തമാക്കാനായി പലരും വാക്സീൻ കേന്ദ്രങ്ങളിലെത്തിയത് പുലർച്ചെ അഞ്ചുമണിക്കും ആറുമണിക്കും . മണിക്കൂറുകൾ കാത്തുനിന്ന ശേഷം ടോക്കൺ തീർന്നു എന്ന മറുപടിയാണ് ഇന്നലെയും പലർക്കും ലഭിച്ചത്. ക്യുവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകാതെ മറ്റു പലർക്കും ടോക്കൺ നൽകുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വാക്സീൻ കേന്ദ്രത്തിലെ ജീവനക്കാർ പലരും അവരുടെ അടുപ്പക്കാർക്കായി ടോക്കൺ മാറ്റിവയ്ക്കുന്നുവെന്ന പരാതിയുണ്ട്.
