ആറ്റിങ്ങൽ: ഗ്രാമത്ത്മുക്ക് നിവാസികളായ 3 അംഗ കുടുംബത്തിനാണ് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ ഭക്ഷണവും ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റും വിതരണം ചെയ്തത് . ഡി.വൈ.എഫ്.ഐ കിഴക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി അവനവഞ്ചേരി മേഘലയിൽ ഭക്ഷ്യ കിറ്റും കൊവിഡ് പ്രതിരോധ ഉൽപ്പന്നങ്ങളും വിതരണം ചെയ്യുകയായിരുന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വോളന്റിയർ ബ്രിഗേഡും 8ാം വാർഡ് കൗൺസിലറുമായ ആർ.എസ്. അനൂപിന്റെയും നേതൃത്വത്തിൽ രണ്ടാംഘട്ട കിറ്റ് വിതരണം നടക്കുന്ന സമയത്താണ് പ്രാദേശിക സി.പി.എം പ്രവർത്തകനായ കെ.ഗിരീഷ് കുമാർ ഇവരുടെ വീട്ടിലെ ശോചനീയാവസ്ഥ ഫോണിലൂടെ അറിയിക്കുന്നത്. ഉടനെ ചെയർപേഴ്സനും സംഘവും സ്ഥലത്തെത്തി വീട്ടുകാരെ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ദിവസങ്ങളായി ഇവർ ഭക്ഷണം കഴിച്ചിട്ടില്ലെന്നും ഗൃഹനാഥനായ വയോധികൻ അവശനാണെന്നും മനസിലാക്കാൻ സാധിച്ചു. തുടർന്നുള്ള അടിയന്തിര ഇടപെടലിന്റ ഭാഗമായി ഡി.വൈ.എഫ്.ഐ വോളന്റിയർമാർ ഇവർക്ക് വേണ്ട ഭക്ഷണവും ഭക്ഷ്യസാധനങ്ങൾ അടങ്ങിയ കിറ്റും വിതരണം ചെയ്തു. കൂടാതെ ഇവർക്ക് വേണ്ട അടിയന്തിര വൈദ്യ സഹായം നൽകുന്നതിന് വേണ്ട നടപടിയും സ്വീകരിച്ചു. രാവിലെയുള്ള പ്രഭാത ഭക്ഷണം എത്തിക്കുന്നതോടൊപ്പം ആഹാരം പാകം ചെയ്യുന്നതിനുള്ള പാചകവാതക സിലിണ്ടറും നൽകും. കൂടാതെ സംഘടനാ വോളന്റിയർമാരുടെ നേതൃത്വത്തിൽ നാളെ മുതൽ പട്ടണത്തിൽ എല്ലായിടത്തും സസൂക്ഷ്മം പരിശോധിച്ച് നിർധനർക്കായുള്ള ഭക്ഷണ ലഭ്യത ഉറപ്പ് വരുത്തുമെന്നും ആർ.എസ്.അനൂപ് അറിയിച്ചു.
