ആറ്റിങ്ങൽ: നഗരസഭ വാർഡ് 2 ആലംകോട് എൽ.പി സ്കൂളിന് സമീപം ലക്ഷ്മി വില്ലയിൽ ചന്ദ്രൻ (75) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ജീവിത ശൈലി രോഗങ്ങൾക്ക് അടിമയായിരുന്ന ഇയാൾക്ക് കഴിഞ്ഞ മാസം 28 ന് രോഗം സ്ഥിരീകരിച്ചിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ. നജാമിന്റെ ഇടപെടലിന്റെ ഭാഗമായി മെയ് 1 ന് ഇയാളെ നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനാൽ തൊട്ടടുത്ത ദിവസം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും രോഗം മൂർച്ചിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ ചന്ദ്രന് മരണം സംഭവിക്കുക ആയിരുന്നു.
പാലസ് റോഡിൽ പ്രവർത്തിക്കുന്ന ലക്ഷ്മി ഫ്ലവർമാർട്ട് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ശാന്തി തീരം ശ്മശാനത്തിൽ സംസ്കരിക്കും.
