ആറ്റിങ്ങൽ: നഗരസഭ വാർഡ് 11 ൽ വിവി ക്ലിനിക്ക് റോഡിൽ മാലി വീട്ടിൽ ലീലാഭായി (72) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2 ദിവസം മുമ്പ് ഇവരുടെ ഭർത്താവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ശാരീരിക അസ്വാസ്ത്യം ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഇവർക്ക് രോഗം മൂർച്ചിക്കുകയും രാവിലെ 11.45 ഓടെ മരണം സംഭവിക്കുകയും ആയിരുന്നു. ചെയർപേഴ്സൺ അഡ്വ.എസ്. കുമാരിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
നഗരസഭ വാർഡ് 4 സി.എസ്.ഐ സ്കൂളിന് സമീപം അരുണോദയത്തിൽ അരുണൻ (60) കൊവിഡ് ബാധിച്ച് മരിച്ചു. ഇയാൾ വൃക്കയും ഹൃദയ സംബന്ധമായ രോഗങ്ങൾക്കടിമ ആയിരുന്നു. ഈ രോഗങ്ങളുടെ ചികിൽസയുടെ ഭാഗമായി കഴിഞ്ഞ 2 ആഴ്ചയിലേറെയായി ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിൽ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്ന് അരുണന് മരണം സംഭവിക്കുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗം മൃതദേഹം വിട്ട് കിട്ടാനുള്ള അടിയന്തിര നടപടികൾ സ്വീകരിച്ചു.
നഗരത്തിൽ ഇതുവരെ 25 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മരണ സംഖ്യ ഉയരാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ രോഗ വ്യാപനം ചെറുക്കാൻ പൊതുജനങ്ങൾ ഇരട്ടി ജാഗ്രത പുലർത്തണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
