ആറ്റിങ്ങൽ: നഗരസഭ വാർഡ് 11 കൊച്ചു വിരുന്തിയോട് മാലി വീട്ടിൽ മാധവൻ നായർ (84) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. കിടപ്പ് രോഗിയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം മറ്റ് ചികിൽസയുടെ ഭാഗമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും വിദഗ്ധ ചികിൽസക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ ഇന്ന് രോഗം മൂർച്ചിക്കുകയും രാവിലെ 10 മണിയോടെ മാധവൻ നായർക്ക് മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ ഒഴികെയുള്ള മറ്റ് കുടുംബാംഗങ്ങൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ ഇടപെടലിന്റെ ഭാഗമായി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈകുന്നേരം 5 മണിക്ക് നഗരസഭ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ശുചീകരണ വിഭാഗം ശ്മശാനവും പരിസരവും അണുവിമുക്തമാക്കി.
മരണപ്പെട്ട മാധവൻ നായർ മുരുക്കുമ്പുഴ ഗവ. ഹൈസ്കൂളിലെ റിട്ട.അധ്യാപകനാണ്. ഭാര്യ ലീലഭായി, മക്കളായ ബിന്ദു (ട്രഷറി), ബീന(ടീച്ചർ), ബിജു (കേരള യൂണിവേഴ്സിറ്റി).
