ആറ്റിങ്ങൽ: നഗരസഭ വാർഡ് 10 അപ്പൂപ്പൻ പാറക്ക് സമീപത്തെ കോളനിയിലാണ് ഇന്ന് രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറിയത്. വാർഡ് കൗൺസിലർ സുധാകുമാരി വിവരമറിയിച്ചതിനെ തുടർന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്ഥലത്തെത്തി ഇവരെ സമീപത്തെ വൃദ്ധസദനത്തിലേക്ക് സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. കഴിഞ്ഞ വർഷവും ഇതിന് സമാനമായ രീതിയിൽ സംഭവിച്ചിരുന്നു. വയലുകളും പാടങ്ങളും മണ്ണിട്ട് നികത്തുന്നതിനാൽ പരമ്പരാഗത നീർച്ചാലുകളും ചെറുതോടുകളും അപ്രത്യക്ഷമാകുന്നതാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. സമീപത്തെ തോട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണ്ണും മാലിന്യങ്ങളും അടിയന്തിരമായി നീക്കം ചെയ്ത് ഇതിന് ശാശ്വത പരിഹാരം കാണുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.
