ആറ്റിങ്ങൽ: പട്ടണത്തിലെ 6 നെൽപാടങ്ങളിൽ തുടർ കൃഷിക്കൊരുങ്ങി നഗരസഭയും കൃഷിഭവനും. കൃഷിക്കാവശ്യമായ അത്യുൽപാദന ശേഷിയുള്ള നല്ലയിനം വിത്തുകൾ നഗരസഭയുടെ നേതൃത്വത്തിൽ പാടശേഖര സമിതികൾക്ക് കൈമാറി. കൊല്ലമ്പുഴ, മേലാറ്റിങ്ങൽ, കൊടുമൺ, നെടുങ്കരി, ചിറ്റാറ്റിൻകര, പൊന്നറ എന്നീ 6 ഏലാകളിലാണ് തുടർച്ചയായ ഏഴാം വർഷവും നെൽകൃഷി ഇറക്കാൻ തയ്യാറെടുക്കുന്നത്.
പതിറ്റാണ്ടുകളായി തരിശ് കിടന്ന നിലങ്ങളും ഭൂമിയും കണ്ടെത്തി നെൽകൃഷി, കര നെൽകൃഷി, ശീതകാല പച്ചക്കറി കൃഷി എന്നിവ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിക്ക് പുറമെ നഗരസഭയുടെ സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ കൃഷിയും, വീട്ടിൽ ഒരു മുറം പച്ചക്കറി എന്നീ ആശയങ്ങളും നടപ്പിലാക്കാൻ സാധിച്ചു. പട്ടണത്തിന്റെ കാർഷിക സംസ്കൃതിയെ തിരികെ കൊണ്ടു വാരാനും കർഷകരെ സംരക്ഷിക്കാനും നഗരസഭ വിട്ട് വീഴ്ച കൂടാത്ത പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇതിനായി മുതിർന്ന കർഷകനും, നഗരസഭ വൈസ് ചെയർമാനുമായ ജി.തുളസീധരൻ പിള്ള, കൃഷി ഓഫീസർ വി.എൽ.പ്രഭ എന്നിവർ നേതൃത്വം വഹിക്കും. കൂടാതെ കൃഷിയെ കുറിച്ചുള്ള എതൊരു സംശയവും ദൂരീകരിക്കുന്നതിന് നഗരസഭാ കൃഷിഭവനുമായി ബന്ധപ്പെടാമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.
