ആറ്റിങ്ങൽ: നഗരസഭ 7, 18 വാർഡുകളിലെ രോഗികൾക്ക് സഹായം എത്തിച്ചായിരുന്നു നഗരത്തിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാതൃകയായത്. വിവിധ വാർഡുകളിലായി രോഗം സ്ഥിരീകരിച്ച് ദിവസങ്ങളായി വീടിനുള്ളിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ്, ജീവൻരക്ഷാ മരുന്ന്, കുട്ടികളുടെ ചെറു പലഹാരങ്ങൾ എന്നിവ പ്രവർത്തകർ നേരിട്ടെത്തിച്ചു. കൂടാതെ രോഗവ്യാപന സാധ്യതയേറെ ഉള്ള കോളനികൾ ജനസാന്ദ്രത കൂടിയ മേഖലകൾ എന്നിവിടങ്ങൾ അണുനശീകരണം നടത്തുന്നു. നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങളിൽ സംഘടനയുടെ വോളന്റിയർമാരുടെ പങ്കാളിത്തത്തിന് പുറമെയാണ് പട്ടണത്തിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഡി.വൈ.എഫ്.ഐ സജീവമാകുന്നത്.
തുടർന്നുള്ള ദിവസങ്ങളിലും പരിശീലനം ലഭിച്ച കൂടുതൽ വോളന്റിയർമാരുടെ സേവനം ഉറപ്പ് വരുത്തുമെന്ന് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. നഗരസഭ കൗൺസിലറും ഡി.വൈ.എഫ്.ഐ വോളന്റിയർ ബ്രിഗേഡുമായ ആർ.എസ്.അനൂപ്, എസ്.സുഖിൽ, വി.എസ്.നിതിൻ, ചീഫ് വോളന്റിയർമാരായ ഇ.അനസ്, ശ്രീജിത്ത്, അജിൻപ്രഭ, അഖിൽ എന്നിവരുടെ നേതൃത്വത്തിലാണ് പട്ടണത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.
