പോത്തൻകോട്: ഗ്രാമപഞ്ചായത്തിലെ ചിറ്റിക്കര പാറമടയിലെ ജലം ശുദ്ധീകരിച്ച് പഞ്ചായത്ത് പ്രദേശത്താകെ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് അറിയിച്ചു.
പോത്തൻകോട് ചിറ്റിക്കര പാറമട ജില്ലയിലെ തന്നെ പ്രധാന ശുദ്ധജല സംഭരണികളിലൊന്നാണ്. അഞ്ച് ഏക്കറോളം വിസ്തൃതിയും ഇരുന്നൂറ് അടിയോളം ആഴവുമുള്ള ഈ സംഭരണിയിലെ ജലം വേനൽക്കാലത്തു പോലും ഉറവ വറ്റാത്തതാണ്.
2017-18 ലെ പദ്ധതിയിൽപ്പെടുത്തി 23 ലക്ഷം ചെലവഴിച്ച് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ജലസംഭരണിയും ശുദ്ധീകരണ പ്ലാൻ്റും സ്ഥാപിച്ചുവെങ്കിലും നാളിതു വരെ ജനങ്ങൾക്ക് ഉപയോഗ യോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല. ജലവിതരണത്തിനാവശ്യമായ പൈപ്പ് ലൈൻ സ്ഥാപിക്കാത്തതാണ് ഇതിനു കാരണം.
ഈ സാഹചര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് മുൻകൈയ്യെടുത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വർഷം പൂർത്തീകരിക്കും. 36 ലക്ഷം ചെലവിട്ട് പോത്തൻകോട് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈനുകളും പൊതു ടാപ്പും സ്ഥാപിക്കും. അതിലേക്കുള്ള പദ്ധതി നടപ്പാക്കാൻ അനുമതി ലഭിച്ചതായി പ്രസിഡൻ്റ് അറിയിച്ചു.
