തിരുവനന്തപുരം: ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്ശിക്കുന്നുവെന്നറിഞ്ഞ് എത്തിയതാണ് ഷാനവാസ് പഴകുളം. വികലാംഗനായ ഷാനവാസ് വീര്‍ചെയറിലാണ് എത്തിയത്. തൊഴിലില്ലാത്ത നിരവധി വികലാംഗര്‍ക്കുവേണ്ടി നിവേദവുമായാണ് ഷാനവാസിന്റെ കാത്തിരിപ്പ്. മാധ്യമപ്രവര്‍ത്തകര്‍ക്കടുത്തേയ്ക്ക് നീങ്ങിയ മന്ത്രി വീല്‍ചെയറിലിരിക്കുന്ന ഷാനവാസിനെ കണ്ടതും അദ്ദേഹത്തിനടുത്തെത്തി. തിരക്കൊഴിഞ്ഞശേഷം മന്ത്രിയെ കാണാമെന്നാണ് ഷാനവാസ് കരുതിയത്. എന്നാല്‍ തിരക്കിനിടയിലും മന്ത്രി തന്നെ ശ്രദ്ധിക്കുന്നുവെന്നറിഞ്ഞ ഷാനവാസ് മന്ത്രിയെ കണ്ട് കൈകൂപ്പി ആവശ്യം അറിയിച്ചു. നിരവധി വികലാംഗര്‍ തൊഴിലില്ലാതെ വീട്ടില്‍ കഴിയുന്നുവെന്നും അവര്‍ക്കുവേണ്ടിയാണ് തന്റെ നിവേദനമെന്നും ഷാനവാസ് മന്ത്രിയോടു പറഞ്ഞു. ഷാനവാസിന്റെ നിവേദനം സ്വീകരിച്ച മന്ത്രി വേണ്ട നടപടി സ്വീകരിക്കാമെന്നും ഷാനവാസിന് മറുപടി നല്കി. ആശുപത്രിയ്ക്കുള്ളിലും പുതിയ മന്ത്രിയെ കാണാന്‍ കാത്തുനിന്ന ശുചീകരണത്തൊഴിലാളികള്ക്കടുത്തേയ്ക്കും മന്ത്രി പോയി വിശേഷങ്ങള്‍ ആരാഞ്ഞു. വാര്‍ഡിനുള്ളിലെ രോഗികളും കൂട്ടിരിപ്പുകാരും മന്ത്രിയെ കാണാന്‍ തിരക്കുകൂട്ടി. എല്ലാവരോടും വിവരങ്ങള്‍ ആരായുകയും മറ്റൊരവസരത്തില്‍ വീണ്ടും കാണാമെന്നും പറഞ്ഞ് മന്ത്രി യാത്രയായി.
ചിത്രം: വികലാംഗനായ ഷാനവാസില്‍ നിന്നും മന്ത്രി വീണാജോര്‍ജ് നിവേദനം സ്വീകരിക്കുന്നു
