ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ നാളെ (ജൂലൈ 23) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 വരെ മില്ലി മീറ്റർ മഴ പെയ്യാനാണു സാധ്യത. ഇതു മുൻനിർത്തി പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
ശക്തമായ മഴയെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾ അധികൃതരോടു സഹകരിക്കണം. തീര പ്രദേശത്തു കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമെങ്കിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കിവയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെക്കരുതി മാറിത്താമസിക്കാൻ തയാറാകണം.
സ്വകാര്യ, പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽനിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കണം. മരങ്ങൾ കോതി ഒതുക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ടുന്ന ഘട്ടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി
പാലിക്കണം
