വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്ല്യാർ തുടങ്ങി 387 മലബാർ സമര നായകരെ സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പോരാളി പട്ടിക സ്ഥാപിക്കൽ സമരം നടത്തുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഓഗസ്റ്റ് 26ന് വ്യാഴാഴ്ച ശാഖതലത്തിൽ ആണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. പ്രവർത്തകർ പ്രകടനമായി എത്തിയാണ് ബോർഡ് സ്ഥാപിക്കുക.
ഐ സി.എച്ച് ആറിന്റെ ആഭിമുഖ്യത്തിലാണ് സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടിക തയ്യാറാക്കിയത്. പ്രധാനമന്ത്രി പ്രകാശനം ചെയ്ത അഞ്ച് വാള്യങ്ങളുള്ള ഗ്രന്ഥത്തിൽ മലബാർ സമരം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചതാണ്. സംഘ് പരിവാർ ശക്തികളുടെ ഗൂഢാലോചന പ്രകാരം ചരിത്രം വക്രീകരിച്ചാണ് മലബാറിലെ രക്തസാക്ഷികളെ നിഘണ്ടുവിൽ നിന്നും വെട്ടി നിരത്തിയത്. ചരിത്രത്തിൽ കൈകടത്തലുകൾ നടത്തി ചരിത്ര പുരുഷൻമാരെ അപമാനിക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കേണ്ടതാണെന്ന് നേതാക്കൾ പറഞ്ഞു. പുതു തലമുറയിൽ ചരിത്ര ബോധം പകരുന്ന രീതിയിലാണ് പോരാളി പട്ടിക സ്ഥാപിക്കൽ സമരമെന്നും മലബാർ സമരത്തിൽ കൊല്ലപ്പെട്ടവരും ജയിൽവാസം അനുഭവിച്ചവരും നാടുവിട്ടു പോകേണ്ടി വന്നവരുമായ ദേശ സ്നേഹികളുടെ പേരുകൾ ഉൾക്കൊള്ളുന്ന ബോർഡുകളാണ് സ്ഥാപിക്കുകയെന്നും യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു.
