ചിറയിൻകീഴ് – അഴൂർ ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന ഗാന്ധി സ്മാരകം വികസന കൂട്ടായ്മയുടെ ലോഗോ പ്രകാശനവും, 202l ലെ പ്ലസ് ടൂ ,എസ് എസ് എൽ സി പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെയും അനുമോദിച്ചു .അഴൂർ പ്രദേശത്ത് സാമൂഹികവും സാംസ്കാരികവും ജീവകാരുണ്യ പ്രവർത്തനമേഖലകളടക്കം എല്ലാ മേഖലകളിലും സാമൂഹ്യ പ്രതിബദ്ധതയോടെ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന സംഘടനയായ ഗാന്ധിസ്മാരകം വികസന കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഈ കോവിഡ് മഹാമാരി കാലത്ത് പോലും ഗാന്ധി സ്മാരകം അടക്കം പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കൂട്ടായ്മ നടത്തിയ പ്രവർത്തനങ്ങൾ നാടിനു കരുതലും മാതൃകാപരവുമായിരുന്നുവെന്ന് അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്ത് കൊണ്ട് അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ പറഞ്ഞു.ഗാന്ധിസ്മാരകം വാർഡിലെ പ്രധാന റോഡായ കല്ലുകാട് റോഡിന്റെ ശോചനീയവസ്ഥയ്ക്ക് ഈ സാമ്പത്തിക വർഷം തന്നെ പരിഹാരം കണ്ടെത്തി ഗതാഗത യോഗ്യമാക്കി മാറ്റുകയും, സ്ട്രീറ്റ് ലൈറ്റ് കളുടെ വിഷയത്തിലും കല്ലുകാട് പ്രദേശമടക്കം വാർഡിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ശാശ്വതമായ പരിഹാരം അടിയന്തിര പ്രാധാന്യത്തോടെ കാണുമെന്നും പ്രസിഡൻറ് പറഞ്ഞു.വിദ്യാർത്ഥികൾക്ക് പൊന്നാടയും, മൊമന്റോയും പ്രസിഡൻറ് വിതരണം ചെയ്തു. പ്രോൽസാഹനമായി വിദ്യാർത്ഥികൾക്ക് പഠന സഹായം മെമ്പർ ബി മനോഹരൻ നൽകി.കൂട്ടായ്മ ചെയർമാൻ ആർ സുകു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ നാസർ എ ആർ മുട്ടപ്പലം സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എം സതീഷ് കുമാർ, ട്രഷറർ എസ് സനിൽ കുമാർ, ജോയിൻ കൺവീനർ എച്ച് മുഹമ്മദ് ഹസീം കോർഡിനേറ്റർ എ പി നാസർ ഗാന്ധിസ്മാരകം എന്നിവർ പങ്കെടുത്തു.

