താലിബാൻ ഭരണകൂട ഭീകരതയിൽ പീഡിപ്പിക്കപ്പെടുന്ന അഫ്ഗാൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് മാനവീയം വീഥിയിൽ ദീപം തെളിയിച്ച് ഐക്യദാർഢ്യ സംഗമം നടത്തി. സംഗമം യു ഡി എഫ് നേതാവ് സി.പി ജോൺ ഉത്ഘാടനം ചെയ്തു.
അതിർത്തി ഗാന്ധി എന്ന് അറിയപ്പെടുന്ന അബ്ദുൽ ഗാഫർ ഖാന്റെ പിൻഗാമികളായ ഇപ്പോൾ ഭീകരതയുടെ കീഴിൽ ജീവിക്കാൻ വിധിക്കപ്പെട്ട അഫ്ഘാൻ ജനതയോടൊപ്പമാണ് നമ്മൾ ഐക്യപ്പെടേണ്ടത് എന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സിപി ജോൺ. ഈ അവസരം ഉപയോഗിച്ചു കൊണ്ട് ഇന്ത്യയിൽ വർഗീയ വിദ്വേഷം ആളിക്കത്തിക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ വിരുദ്ധം,ഹിംസാത്മകം, താലിബാനിസം എന്ന പ്ലക്കാർഡ് പിടിച്ചാണ് പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് സുധീർഷാ പാലോട് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ കെ.എസ് ശബരീനാഥൻ ,എൻ.എസ് നുസൂർ, എസ്.എം ബാലു, സെക്രട്ടറി മഹേഷ് ചന്ദ്രൻ, അനീഷ് കാട്ടാക്കട, ശരത്, എക്സിക്യൂട്ടീവ് അംഗങ്ങളായ റ്റി.ആർ രാജേഷ്, ശംഭു പാൽകുളങ്ങര, അജയ് കുര്യാത്തി, രാജാജി നഗർ മഹേഷ്, കെ.എഫ് ഫെബിൻ, ജില്ലാ ഭാരവാഹികളായ അഫ്സൽ ബാലരാമപുരം, മാഹിൻ പഴഞ്ചിറ, അച്ചു അജയഘോഷ്, അക്രം ,പ്രഷോബ്, വിപിൻലാൽ എന്നിവർ സംസാരിച്ചു.
