തിരുവനന്തപുരം: പരിമിതികളെ മറികടന്ന് അഭിമാന നേട്ടം കൈവരിച്ച പാരാലിംപിക്സിലെ 19 ജേതാക്കള്‍ക്ക് ബിഗ് സല്യൂട്ട് നല്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ ആദരിച്ചു. മാജിക് അക്കാദമിയുടെ സ്വപ്ന പദ്ധതിയായ ഡിഫറന്റ് സ്പോര്‍ട്സ് സെന്ററിനായി കണ്ടെത്തിയ വിശാലമായ പ്ലേ ഗ്രൗണ്ടില്‍ സ്ഥാപിച്ച മെഡല്‍ ജേതാക്കളുടെ കൂറ്റന്‍ കട്ടൗട്ടിലേയ്ക്ക് നോക്കിയാണ് തങ്ങളുടെ ഹീറോകള്‍ക്ക് നൂറോളം ഭിന്നശേഷിക്കുട്ടികള്‍ ചേര്‍ന്ന് വന്‍ സല്യൂട്ട് ഒരുക്കിയത്. ഉണരും ഞങ്ങള്‍, ഉയരും ഞങ്ങള്‍ എന്ന മുദ്രാവാക്യത്തോടെയായിരുന്നു ഭിന്നശേഷിക്കുട്ടികളുടെ ആവേശം നിറഞ്ഞ സല്യൂട്ട്. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ അഭിമാന വിജയം കൈവരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിനായി സംഘടിപ്പിച്ച വീ സല്യൂട്ട് ഔവര്‍ ഹീറോസ് എന്ന പരിപാടിയിലാണ് കാണികളെ പോലും ആവേശഭരിതമാക്കിയ രംഗങ്ങള്‍ അരങ്ങേറിയത്. സ്പീക്കര്‍ എം.ബി രാജേഷ് സവിശേഷ സാന്നിദ്ധ്യമായി ചടങ്ങില്‍ പങ്കെടുത്തു. പാരാലിംപിക്സ് ഒരുമയുടെയും മാനവികതയുടെയും പ്രതിഫലനമാണെന്നും ഒറ്റയ്ക്ക് ജയിക്കുന്നതല്ല, ഒരുമിച്ച് ജയിക്കുക എന്നതാണ് ഈ കായികോത്സവം ലക്ഷ്യംവയ്ക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ഡിഫറന്റ് ആര്്ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ അടുത്ത പാരാലിംപിക്സിലേയ്ക്ക് പങ്കെടുക്കാന്‍ പാകത്തിന് ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡോ.മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.
