നവാഗത സംവിധായകൻ പി.എസ് വിനോദ് രാജിന്റെ തമിഴ് ചിത്രം ‘ കൂഴങ്ങൾ ‘ (pebbles) ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി ഓസ്കർ പുരസ്കാരത്തിന് മത്സരിക്കും. നടി നയൻതാരയും വിഘ്നേഷ് ശിവനുമാണ് ചിത്രത്തിന്റെ നിർമാതാക്കൾ. റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്.
റോട്ടർഡാം ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ പുരസ്കാരം ചിത്രം സ്വന്തമാക്കിയിരുന്നു. ചെല്ലപാണ്ടി, കറുത്തതാടിയാൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മദ്യപാനിയായ ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ ഭാര്യ വീട് വിട്ടുപോകുന്നു. ഒടുവിൽ അവരെ തിരികെയെത്തിക്കാൻ ഭർത്താവും മകനും പരിശ്രമിക്കുകയും ഒടുവിൽ വിജയം നേടുന്നതുമാണ് ചിത്രത്തിന്റെ കഥ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.
14 ചിത്രങ്ങളാണ് ഓസ്കർ നാമനിർദ്ദേശത്തിനായി ഇത്തവണ മാറ്റുരച്ചത്. നായാട്ട്, മണ്ടേല തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.
