തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും ജീവനോപധികളും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ പദ്ധതി തയാറാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. വന്യജീവികളെ സംരക്ഷിക്കണം. എന്നാല്‍ മനുഷ്യ ജീവിതവും കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ആഗോള, ദേശീയ വിദഗ്ധരുമായി കൂടിയാലോചിച്ച് കേരളത്തിന്റെ ഭൂമിശാസ്ത്ര പശ്ചാത്തലത്തില്‍ വേണം സമഗ്ര പദ്ധതി ആവിഷ്ക്കരിക്കേണ്ടത്. ഇനിയും കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടുത്താതെ സമയബന്ധിതമായി പദ്ധതി നടപ്പിലാക്കണം. ഇതിനായി സിസിഎഫിന്റെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്യജീവികളുടെ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര് മരിക്കുകയും പരുക്കേല്‍ക്കുകയും കൃഷിനാശം ഉണ്ടാകുകയും ചെയ്ത സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫ് എം.എല്‍.എ നല്കിയ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്
