ഊരുട്ടമ്പലം കവലയിൽ സ്ഥിതിചെയ്യുന്ന മാറനല്ലൂർ വില്ലേജാഫീസ് കെട്ടിടത്തിലെ ശൗചാലയം ശുചീകരിച്ച് പെരുമുള്ളൂർ വാർഡ് മെമ്പർ മായയും, അരുവിക്കര വാർഡ് മെമ്പർ എൻ.ഷിബുവും. കെട്ടിടത്തിലെ ശൗചാലയം ശുചീകരിക്കണമെന്നും, പൊളിച്ച ചുറ്റുമതിൽ പുനർ നിർമ്മിക്കണമെന്നും, ഓഫീസ് വളപ്പിലെ കാട് വെട്ടി വൃത്തിയാക്കണമെന്നും വില്ലേജ് ഓഫീസർക്കും കാട്ടാക്കട തഹസിൽദാർക്കും പരാതി നൽകിയിട്ട് മാസ്സങ്ങളായെന്ന് മെമ്പർമാർ, യാതൊരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിൽ അന്വേഷിക്കാനായി കഴിഞ്ഞ ദിവസം പെരുമുള്ളൂർ വാർഡംഗം ഓഫീസിലെത്തിയിരുന്നു, ഈ സമയം മറ്റൊരാവശ്യവുമായി അരുവിക്കര വാർഡംഗവുമെത്തി, ഒടുവിൽ ഇവർ ശൗചാലയ ശുചീകരണം ഏറ്റെടുത്തു. മാസ്സങ്ങളായി വൃത്തിഹീനമായി കാടുപിടിച്ച് കിടന്ന ശൗചാലയം ഇരുവരും ചേർന്ന് പുതിയത് പോലെ ശുചിയാക്കുകയായിരുന്നു. ആവശ്യമായ ബക്കറ്റും കപ്പുകളും വാങ്ങി വച്ചു, സ്ത്രീകളുടെയും പുരുഷൻമാരുടെയും ശൗചാലയത്തിന് പ്രത്യേകം ബോർഡും സ്ഥാപിച്ചു.


42 ലക്ഷം രൂപ ചിലവഴിച്ച് പണിത ഹൈടെക് വില്ലേജാഫീസ് നിർമ്മാണം തൊട്ടേ വിവാദമായിരുന്നു. കെട്ടിടത്തിന് ബലക്ഷയമുണ്ട്. ഈ കെട്ടിടത്തിൻ്റെ മുൻഭാഗത്തെ മതിൽ ഇടിച്ചുനിരത്തി പൊതു ശൗചാലയം പണിയാൻ ശ്രമം നടന്നുവെങ്കിലും എതിർപ്പുകളെ തുടർന്ന് അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റി, എന്നാൽ ഇടിച്ചിട്ട മതിൽ മാസ്സങ്ങളായി അതേപടി തുടരുന്നു. മറ്റൊരിടത്ത് സ്ഥാപിച്ച ശൗചാലയം പൊതുജനങ്ങൾക്കായി ഇതുവരെ തുറന്നുകൊടുത്തിട്ടുമില്ല. ഇപ്പോൾ വില്ലേജാഫീസ് രാത്രികാലമായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തിരമായി പൊളിച്ച ചുറ്റുമതിൽ പുനർനിർമ്മിക്കണമെന്നും, ഇനി കെട്ടിടത്തിനു ചുറ്റും കാടുകയറിയ പ്രദേശം വൃത്തിയാക്കി പച്ചക്കറി കൃഷി നടത്തുകയാണ് ലക്ഷ്യമെന്നും വാർഡ് മെമ്പർ മായ പറഞ്ഞു.
