അധികൃതർ നാട് ശുചിയാക്കാൻ ഹരിതകർമ്മസേനയും എം സി എഫുമൊക്കെ നടപ്പിലാക്കി പണപ്പിരിവ് നടത്തിയിട്ട് പഞ്ചായത്ത് ഓഫീസ് മാലിന്യ കൂമ്പാരമാക്കുകയാണെന്ന് പരാതി. പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള പഴയ കല്യാണ മണ്ഡപത്തോട് ചേർന്നുള്ള വഴിയാണ് മാലിന്യം തള്ളിയ നിലയിലുള്ളത്. സ്ഥല പരിമിതി കാരണം പഞ്ചായത്തിൻ്റെ തന്നെ ഈ കല്യാണ മണ്ഡപത്തിലാണ് പഞ്ചായത്തിൻ്റെ പല പരിപാടികളും സംഘടിപ്പിക്കുന്നത്. ഇത്തരം പരിപാടികളിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങളുൾപ്പെടെയുള്ള മാലിന്യമാണ് ഇവിടെ കുന്നുകൂടുന്നത്. സ്ഥലപരിമിതി കൊണ്ട് തന്നെ പൊറുതിമുട്ടുകയാണ് പൊതുജനം അതിനൊപ്പം ദുർഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരം കൂടിയായപ്പോൾ മൂക്കുപൊത്താതെ പഞ്ചായത്തിൽ പ്രവേശിക്കാനാവാത്ത അവസ്ഥയാണ്. ഈ കല്യാണ മണ്ഡപത്തിൻ്റെ മുകളിലത്തെ നിലയിലാണ് പകർച്ചാവ്യാധികൾക്കുള്ള മരുന്നുവിതരണം നടക്കുന്ന ഹോമിയോ ആശുപത്രി പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മാറനല്ലൂരിൽ മലമ്പനി അടക്കമുള്ള പകർച്ചാവ്യാധികളും റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. അംഗങ്ങൾക്ക് പോലും ഇരിപ്പിടമില്ലാത്ത അവസ്ഥയാണ് പഞ്ചായത്ത് ഓഫീസിലുള്ളത്. മഴ ചാറിയാൽ സമീപത്തെ കൃഷി ഓഫീസ് വരാന്തയാണ് പൊതുജനത്തിന് അഭയം. മാലിന്യം മാറ്റി ഓഫീസ് പരിസരം ശുചിയാക്കണമെന്നും, വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്ക് വിശ്രമകേന്ദ്രം സ്ഥാപിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

