കിഫ്ബിയുടെ കണക്ക് ചോദിക്കുന്നവർ കേരള വികസന വിരുദ്ധരും സാഡിസ്റ്റുകളുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ കണ്ടെത്തൽ അതിവിചിത്രമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ് രാധാകൃഷ്ണൻ. കിഫ്ബിയെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി നിയമവാഴ്ചയെയാണ് വെല്ലുവിളിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
ബജറ്റിനെ മാത്രം ആശ്രയിക്കാതെ, ബജറ്റിന് പുറത്തുനിന്നും വരുമാനം കണ്ടെത്തണം. അതിനുവേണ്ടിയാണ് കിഫ്ബി എന്നു മുഖ്യമന്ത്രിയും സമ്മതിച്ചു. അങ്ങനെ പണം കണ്ടെത്തുന്നത് നിയമപ്രകാരം തെറ്റാണെന്നാണ് സി എ ജി പറയുന്നത്.കിഫ്ബി ഒരു വ്യാപാര സ്ഥാപനമോ വ്യവസായശാലയോ അല്ല. സ്വന്തം നിലയിൽ കിഫ്ബിക്ക് ചെലവല്ലാതെ വരുമാനം ഇല്ല. കേരള സർക്കാർ നൽകുന്ന നികുതി പണവും കടമെടുപ്പുമാണ് വരുമാന മാർഗ്ഗങ്ങൾ. കടമെടുപ്പിന് ജാമ്യം നിൽക്കുന്നത് കേരള സർക്കാരാണെന്നും അതിനാൽ അത് നിയമ വിരുദ്ധമാണെന്നും ഡോ. കെ എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
