January 15, 2026

മാറനല്ലൂർ. നിയന്ത്രണം വിട്ട ബൈക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു.
ബസ് കാത്തു നിന്നവരുള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കു നെയ്യാറ്റിന്‍കര പനങ്ങാട്ടുകരി നിലമേല്‍ വിശ്വം വീട്ടില്‍ സി.പി.ഐ നെയ്യാറ്റിന്‍കര ലോക്കല്‍ കമ്മറ്റി സെക്രട്ടറി സജീവ് കുമാര്‍, ബിന്ദു ദമ്പതികളുടെ മകനും കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എന്‍ജീനിയറിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ എസ്.ബി സന്ദീപ് നിലമേല്‍(19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടുകൂടി ബാലരാമപുരം കാട്ടാക്കട റോഡില്‍ തൂങ്ങാംപാറയ്ക്ക് സമീപമാണ് അപകടം നടന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് സന്ദീപ് കുറ്റിച്ചല്‍ കോളേജിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.
സന്ദീപ് ഓടിച്ചിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച മറ്റൊരു ബൈക്കില്‍ തട്ടി നിയന്ത്രണം വിടുകയും ബസ് കാത്ത് നില്‍ക്കുകയായിരുന്ന കണ്ണന്‍കോട് നിഹാസ് മന്‍സിലില്‍ സെയ്ഫുദീന്‍(16),ഇറയംകോട് സജുവിഹാറില്‍ വിജയന്‍(60) മാവുവിള സ്വദേശി മണിയന്‍(50) എന്നിവരെ ഇടിച്ചു തെറിപ്പിച്ചശേഷം തെറിച്ചു വീഴുകയായിരുന്നു. മാറനല്ലൂര്‍ പോലീസും, നാട്ടുകാരും ചേര്‍ന്ന് സന്ദീപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു സന്ദീപ് ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും കഴുത്തിലേറ്റ മുറിവാണ് മരണത്തിനടയാക്കിയത്.അപകടത്തില്‍ പരിക്കേറ്റ മറ്റ് മൂന്ന് പേര്‍ക്കും കാലിനാണ് ഗുരതരമായി പരിക്കേറ്റത്. ഇതില്‍ രണ്ടുപേര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സാന്ദ്രയാണ് സന്ദീപിന്റെ സഹോദരി. മാറനല്ലൂര്‍ പോലീസ് കേസെടുത്തു.
ബാലരാമപുരം-കാട്ടാക്കട റോഡില്‍ ബൈക്ക് അഭ്യാസവും, അമിതവേഗതയും പതിവെന്ന് നാട്ടുകാര്‍
മാറനല്ലൂര്‍: ബാലരാമപുരം-കാട്ടാക്കട റോഡില്‍ ബൈക്ക് അഭ്യാസവും, അമിതവേഗതയും പതിവെന്ന് നാട്ടുകാര്‍. സ്‌കൂള്‍, കോളേജുകള്‍ തുറന്നതോടുകൂടിയാണ് ബൈക്കുകളുടെ മത്സരയോട്ടം കൂടിയതെന്നും ഇവര്‍ പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് പ്രദേശത്ത് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. വഴിയോര കച്ചവടവും അനധിക്യത പാര്‍ക്കിങുമാണ് പ്രധാന റോഡില്‍ അപകങ്ങള്‍ക്ക് കാരണമാകുന്നതെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *