മാനവ വിഭവ ശേഷി കുറവായ ആരോഗ്യ വകുപ്പിൽ കടുത്ത മാനസിക സമ്മർദത്തിലും ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ അധിക ജോലി ചെയ്തുമാണ് സർക്കാർ ഡോക്ടർമാർ കോവിഡിനോടൊപ്പം കോവിഡേതര ചികിത്സയും മറ്റു പ്രതിരോധ പ്രവർത്തനങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഭരണ നിർവ്വഹണവും നടത്തുന്നത്. തളരാത്ത ഈ പോരാട്ടത്തിനിടയിലും ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്കരണം വന്നപ്പോൾ അവരുടെ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് അവലംബിച്ചത്. 2021 ഏപ്രിൽ ഒന്നിന് ശേഷം MBBS ഡിഗ്രിയോട് കൂടി ജോലിയിൽ പ്രവേശിക്കുന്ന അസിസ്റ്റന്റ് സര്ജന്മാരുടെ അടിസ്ഥാന ശമ്പളത്തിൽ നിന്നും ഏകദേശം 8500ൽ പരം രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. കാലങ്ങളായി ഡോക്ടര്‍മാര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സമയ ബന്ധിത ഹയർ ഗ്രേഡിനെക്കുറിച്ച് ശമ്പള പരിഷ്കരണ ഉത്തരവിൽ പരാമര്‍ശിച്ചിട്ടില്ല. അതിനു പകരമായി ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി കരിയർ അഡ്വാന്‍സ്മെന്റ് സ്കീം സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഒരു മാസത്തിനുള്ളിൽ ഉത്തരവാകും എന്ന് പറഞ്ഞെങ്കിലും, ശമ്പള പരിഷ്കരണം കഴിഞ്ഞു ഒരു വര്‍ഷത്തോളമായിട്ടും സര്‍ക്കാർ മൗനം പാലിക്കുകയാണ്. കൂടാതെ പേഴ്സണൽ പേ നിർത്തലാക്കുകയും, റേഷ്യോ പ്രമോഷൻ എടുത്തു കളയുകയും, ചാർജ് അലവൻസ് ഒഴിവാക്കുകയും കോമ്പൻസേറ്ററി അലവൻസ് പരിമിതപ്പെടുത്തുകയും റൂറൽ അലവൻസ് ഡിഫിക്കൽറ്റ് റൂറൽ അലവൻസ് എന്നിവ പരിഷ്കരിക്കാതിരിക്കുകയും ചെയ്തത് അപാതകളിൽ ചിലത് മാത്രം.

ഈ കാര്യങ്ങൾ കഴിഞ്ഞ പത്ത് മാസത്തിനിടെ പല തവണ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അനുകൂല തീരുമാനം ഇന്നും ഉണ്ടായിട്ടില്ല. ഈ കടുത്ത അവഗണനയും നീതി നിഷേധവും സർക്കാർ ഡോക്ടർമാരോടുണ്ടായതിനെ തുടർന്ന് കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രതിഷേധത്തിന് നിർബന്ധിതമായി.
കേരള പിറവി ദിനമായ നവംബർ 1 മുതൽ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ ആരംഭിച്ച നിൽപ്പ് സമരം സർക്കാർ നൽകിയ ഉറപ്പിനെ
തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഈ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് കെ ജി എം ഒ എ സംസ്ഥാന സമിതി പ്രത്യക്ഷ പ്രതിഷേധം പുനരാരംഭിക്കാൻ നിർബന്ധിതരായത്.ഇന്ന്, ഡിസംബർ 8 രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റ് പടിക്കൽ പുനരാരംഭിച്ച നിൽപ്പ് സമരത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് ഡോ: ജി എസ് വിജയകൃഷ്ണൻ നിർവഹിച്ചു. പ്രതിഷേധം വിവിധ ജില്ലകളിലെ അംഗങ്ങളുടെ നേതൃത്വത്തിൽ അനിശ്ചിത കാലത്തേയ്ക്കു തുടരുന്നതാണ്. ഇന്നത്തെ പ്രതിഷേധം കെ ജി എം ഒ എ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ടി എൻ സുരേഷ്, ട്രഷറർ ഡോ. ജമാൽ അഹമ്മദ് എഡിറ്റർ ഡോ. അനൂപ് ജില്ലാ പ്രസിഡന്റ് ഡോ. സന്തോഷ് ബാബു, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്യാം സുന്ദർ തുടങ്ങിയവർ പ്രതിഷേധ യോഗത്തെ അഭിസംബോധന ചെയ്തു. വിട്ടൊഴിയാത്ത കോവിഡ് ഭീഷണിക്കിടയിലും സ്വന്തം ആരോഗ്യം തൃണവത്കരിച്ച് തളരാതെ പോരാടുന്ന ഡോക്ടർമാരോടുള്ള അവഗണനക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി തന്നെ കെ ജി എം ഒ എ മുന്നോട്ടു പോകുന്നതായിരിക്കും. ഡോക്ടർമാരുടെ ഏറ്റവും ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാവണം എന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുവാൻ കെ ജി എം ഒ എ നിര്‍ബന്ധിതരായിത്തീരുമെന്നും ഭാരവാഹികൾ പറഞ്ഞു.
