തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ ഫ്യുവൽ പമ്പുകൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പമ്പുകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് ധാരണയായി. വികാസ് ഭവൻ, തൊടുപുഴ,വൈക്കം, മലപ്പുറം എന്നീ നാല് ഡിപ്പോകളിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പുകൾ കൂടി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിനുള്ള ധാരണ പത്രം ജനുവരി 3 ന് മസ്കറ്റ് ഹോട്ടലിൽ വെച്ച് ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസും, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ചീഫ് റീജണൽ മാനേജർ (റീട്ടെയിൽ) അംജാദ് മുഹമ്മദും ഒപ്പ് വയ്ക്കും.
നേരത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് തിരുവനന്തപുരം സിറ്റി, കിളിമാനൂർ, ചടയമംഗലം, ചേർത്തല, മൂവാറ്റുപുഴ, ചാലക്കുടി, മൂന്നാർ, കോഴിക്കോട് എന്നിവടങ്ങളിൽ ആരംഭിച്ച പമ്പ് വൻ വിജയമായതിനെ തുടർന്നാണ് കൂടുതൽ സ്ഥലങ്ങളിലേക്ക് ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നത്.
