അരുവിക്കര : അരുക്കര ഡാമിന്റെ റിസർവോയർ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതായി പരാതി. പഞ്ചായത്തിൽ റിസർവോയർ പ്രദേശങ്ങളേറെയുള്ള മൈലമൂട് വാർഡിലെ വാഴവിള, മുറിവാതുക്കൽ, ഗോതമ്പി, കുന്നംപള്ളിനട, തൂമ്പറത്തലനട എന്നീ പ്രദേശങ്ങളിലാണ് നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
റിസർവോയർ പ്രദേശങ്ങളുടെ പല ഭാഗത്തും പുറത്തുനിന്നുള്ള മാലിന്യങ്ങൾ വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്.
ഇത് ഭക്ഷിക്കാനെത്തുന്ന നായ്ക്കളാണ് നാട്ടുകാർക്കു ഭീഷണിയായി തീർന്നിരിക്കുന്നത്. രാപകൽ ഭേദമെന്യേ റോഡുകളിൽ തമ്പടിച്ചിരിക്കുന്ന നായ്ക്കൾ നാട്ടുകാർക്ക് ദുരിതമാകുകയാണ്. കുഞ്ഞുങ്ങളും വയോജനങ്ങളും തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുമെന്ന ഭീഷണിയാണ് നിലനിൽക്കുന്നത്.
നായ്ക്കളുടെ ശല്യം പരിഹരിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്ന് തീരം റെസിെഡൻസ് അസോസിയേഷൻ പ്രസിഡൻറ് സജിത്ത് രാജും സെക്രട്ടറി പി.എസ്.പ്രിജുവും പഞ്ചായത്ത് അധികൃതരോടാവശ്യപ്പെട്ടു.
തെരുവുനായ്ക്കളിൽനിന്നു പേവിഷബാധയേൽക്കാതിരിക്കാൻ അസോസിയേഷന്റെ പരിധിയിലുള്ള വീടുകളിലെ നായ്ക്കളെ കെട്ടിയിട്ട് വളർത്തണമെന്നും ഇവർ അസോസിയേഷൻ അംഗങ്ങൾക്ക് നിർദേശം നൽകി.
