ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളും കാഴ്ചപ്പാടും ഉൾക്കൊള്ളാത്തവർ സമൂഹത്തിൽ ഇന്നുമുണ്ട്: മുഖ്യമന്ത്രി
ഗുരുവിനെ ഏതെങ്കിലും വിഭാഗത്തിന്റെ മാത്രം പ്രതീകമായി അവതരിപ്പിക്കാനാണു ചിലർ ശ്രമിക്കുന്നതെന്നും ഇത്തരം ശ്രമങ്ങൾക്ക് ഒരു നൂറ്റാണ്ടുമുൻപുതന്നെ ഗുരു കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 89-ാമതു ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മനുഷ്യത്വപരമായ ചിന്തകളിലൂടേയും പ്രവൃത്തികളിലൂടെയും മനുഷ്യന്റെ ജീവിത സാഹചര്യം മെച്ചപ്പെടണമെന്നായിരുന്നു ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടെന്നു മുഖ്യമന്ത്രി പറഞ്ഞു. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു ഗുരു പറഞ്ഞത് അത്കൊണ്ടാണ്. ഈ സന്ദേശം ജനങ്ങളുടെ മനസിലേക്ക് ആഴ്ന്നിറങ്ങാൻ ആവശ്യമായ കാര്യങ്ങളും അദ്ദേഹം ചെയ്തു. ഈ കാഴ്ചപ്പാടിനെ സമൂഹം പൊതുവേ ഉൾക്കൊണ്ടു. ആചാര്യസ്ഥാനത്തുനിന്നുകൊണ്ടുതന്നെ സാമൂഹ്യ വിപ്ലവകാരിയുടെ പങ്ക് അദ്ദേഹം വഹിച്ചു. എന്നാൽ ഗുരുവിന്റെ ഈ കാഴ്ചപ്പാട് ഉൾക്കൊള്ളാത്തവരും മനസിലാക്കാത്തവരും അക്കാലത്തുണ്ടായിരുന്നു. അത് അന്നത്തെപ്പോലെ ഇന്നുമുണ്ടെന്നു നാം തിരിച്ചറിയണം. ഇന്നതിനു പ്രത്യേകമായ ചില ഭാവങ്ങൾ വന്നിരിക്കുന്നെന്നു മനസിലാക്കി അതിന്റെ അപകടാവസ്ഥ ഉൾക്കൊണ്ട് ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ജനങ്ങളിലേത്തിക്കാൻ ശ്രമിക്കേണ്ടതെന്നും… മുഖ്യമന്ത്രി പറഞ്ഞു.
പരസ്പരം സ്നേഹിക്കുകയും എല്ലാവരും ഒന്നു ചേർന്ന് ഒന്നായി നിലകൊള്ളുകയും ചെയ്യുന്ന ഉന്നതമായ മാനവികതയുടെ സന്ദേശമാണ് ഗുരുവിന്റെ ഉത്ബോധനങ്ങളുടെ ആകെത്തുക. ഗുരു
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ച ചടങ്ങിൽ കനിമൊഴി എം.പി, എം.എൽ.എമാരായ വി. ജോയി, കെ. ബാബു, മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, ഗോകുലം ഗോപാലൻ, അഡ്വ. വി.കെ. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.


