ചിറയിൻകീഴ്: ശ്രീനാരായണ സന്ദേശങ്ങളുടെ അന്ത:സത്തയും അർഥവ്യാപ്തിയും മനസിലാക്കുകയും അവ സ്വജീവിതത്തിൽ പ്രാവർത്തികമാക്കുകയുമെന്നതാണു ഓരോ ശിവഗിരി തീർഥാടനങ്ങളുടേയും ആത്യന്തിക ലക്ഷ്യമെന്നു അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടു. എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയന്റെ താലൂക്കുതല ശിവഗിരി തീർഥാടന വിളംബര രഥയാത്ര ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ചിന്തകളെ കൂട്ടിക്കലർത്തി രാജ്യത്തു സമൂഹത്തിനിടയിൽ വിദ്വേഷവും വെറുപ്പും സൃഷ്ടിക്കാൻ ചില ശക്തികൾ ഒളിഞ്ഞും തെളിഞ്ഞും അണിയറയിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ഗുരു വിശ്വാസികളുടെ കൂട്ടായ്മ അനിവാര്യമായിട്ടുണ്ട്. ഗുരു തെളിച്ച പാതയിലൂടെ ഇത്തരം പ്രതിലോമ പ്രവർത്തനങ്ങളെ ജനങ്ങളുടെ ഒത്തൊരുമയിൽ വേരോടെ പിഴുതെറിയാനാവണം. കാലിക പ്രസക്തിയുള്ള ഗുരു സന്ദേശങ്ങളെ മുറുകെപ്പിടിച്ചു ശ്രീനാരായ പ്രസ്ഥാനങ്ങളും ഗുരു വിശ്വാസികളും ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങുകയാണു വേണ്ടതെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു. ശാർക്കര ഗുരുക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഡോ.ബി. സീരപാണിയുടെ അധ്യക്ഷതയിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി മുഖ്യാതിഥിയായി. യോഗം കൗൺസിലർ ഡി.വിപിൻ രാജ് തീർഥാടന സന്ദേശവും രാമരച്ചംവിള ക്ഷേത്ര മേൽശാന്തി തിരുനെല്ലൂർ ബിജു പി. കാശിമഠം അനുഗ്രഹ പ്രഭാഷണവും നടത്തി. ചടങ്ങിൽ അടൂർ പ്രകാശ് എംപി പീതപതാക രഥയാത്ര ക്യാപ്ടൻമാരായ യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി എന്നിവർക്കു കൈമാറി. നോബിൾ സ്കൂൾസ് മാനേജർ പി.സുഭാഷ് ചന്ദ്രൻ,യോഗം ഡയറക്ടർ അഴൂർബിജു, പിആർഎസ് പ്രകാശൻ, രമണി ടീച്ചർ വക്കം, പ്രസാദ് ശ്രീധരൻ, പുതുക്കരി സിദ്ധാർഥൻ, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, സജിവക്കം, ഡോ. ജയലാൽ, ജി. ജയചന്ദ്രൻ, അജി കീഴാറ്റിങ്ങൽ, എസ്എൻ ട്രസ്റ്റ് അംഗങ്ങളായ ബൈജു തോന്നയ്ക്കൽ, സന്തോഷ് പുതുക്കരി, കെ രഘുനാഥൻ, ആർ. ബാലാനന്ദൻ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ സലിത, ലതികപ്രകാശ്, ജലജ തിനവിള, പഞ്ചായത്തംഗം ബി.എസ്.അനൂപ്, സുന്ദരൻ കൊയ്ത്തൂർക്കോണം എന്നിവർ പ്രസംഗിച്ചു. വിളംബര രഥയാത്ര യൂണിയനു കീഴിലെ എസ്എൻഡിപി ശാഖാ യോഗങ്ങൾ, ഗുരുക്ഷേത്ര മണ്ഡപങ്ങൾ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി രാത്രിയോടെ വക്കം ഇറങ്ങു കടവ് ഗുരുക്ഷേത്ര സന്നിധിയിൽ പൗര സ്വീകരണത്തോടെ സമാപിച്ചു.
