കിളിമാനൂർ പോങ്ങനാട് നിന്നുമാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ തിമിംഗല ഛർദി പിടികൂടിയത്. പോങ്ങനാട് വെള്ളല്ലൂർ ഷീലാഭവനിൽ ഷാജിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന തിമിംഗല ഛർദ്ദിയാണ് പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളല്ലൂർ ഷീലാ ഭവനിൽ ഷാജി (58) മത്തയിൽ തടത്തിൽ പുത്തൻവീട്ടിൽ സജീവ് (46) കിളിമാനൂർ , പഴയകുന്നുമ്മൽ ബൈജു ഭവനിൽ ബിജു (41) കോഴിക്കോട് , ഉള്ളിയേരി കക്കഞ്ചേരി ശ്രീഭദ്രാ നിവാസിൽ രാധാകൃഷ്ണൻ (48) എന്നിവരെ ഫോറസ്റ്റ് അധികൃതർ അറസ്റ്റു ചെയ്തു.
പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ റ്റി.അജികുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഷാജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തിമിംഗല ഛർദ്ദി കണ്ടെടുത്തത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്. പതിനൊന്നര കിലൊഗ്രാം ഭാരമുള്ള അഞ്ച് കഷണം തിമിംഗല ഛർദ്ദിയാണ് ഇവരിൽ നിന്നും കണ്ടെടുത്തത് . പൊതു വിപണിയിൽ ഇതിന് ഏകദേശം മുപ്പത്തിയഞ്ച് കോടിയോളം രൂപ വില വരും . ഇരുപത്തിമൂന്ന് കോടി രൂപയ്ക്ക് വിൽക്കുന്നതിനിടയിലാണ് പ്രതികൾ ഫോറസ്റ്റ അധികൃതരുടെ പിടിയിൽ വീണത്.. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമുള്ളതായും സംശയിക്കുന്നു കൂടുതൽ അന്വേഷണം നടന്നു വരുന്നതായും അധികൃതർ അറിയിച്ചു
പാലോട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഷിജു.എസ്.വി നായരുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജി-ബാലചന്ദ്രൻ നായർ , കെ.ജി.അജയകുമാർ , ജി.ആർ സജീഷ് കുമാർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.വി.അജിത്കുമാർ , രാജേഷ് കുമാർ.പി , ഡോൺ.വി.കെ, രമ്യ.യു ഫോറസ്റ്റ് വാച്ചർമാരായ വിക്രമൻ , ശാന്തകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

