January 15, 2026

തിരുവനന്തപുരം  കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം,  ഭവനഭേദനം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം,ഗൂണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ  പ്രതികളായ മൂന്നുപേരെ  നഗരൂർ പൊലീസ് അതിർത്തിയിൽ മോഷണ ശ്രമത്തിനിടെ പിടികൂടി. കീഴാറ്റിങ്ങൽ തൊപ്പിച്ചന്ത കാണവിള വീട്ടിൽ നിന്നും മണ്ണൂർ ഭാഗം പട്ട്ള കാട്ടിൽവീട്ടിൽ താമസിക്കുന്ന  കടകംപള്ളി ബിജു എന്ന ബിജു (39),ആലംകോട്, മേവർക്കൽ , ഞാറവിളവീട്ടിൽ മഹേഷ് (32) , ആലംകോട്, പട്ട്ള, മുല്ലശേരി ചരുവിളപുത്തൻവീട്ടിൽ രാജീവ് (41) എന്നിവരെയാണ് നഗരൂർ എസ്എച്ച്ഒ  ഷിജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതിൽ  ബിജുവിന്റെ പേരിൽ വിവിധ ക്രിമിനൽ കുറ്റകൃത്യങ്ങളിലായി ഇരുപതോളം കേസുകൾ നിലവിലുണ്ട്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളയാളുമാണ് ബിജു. പ്രതികളിൽ മഹേഷിന്റെ പേരിലും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.  നഗരൂർ സ്റ്റേഷൻ പരിധിയിൽ മുല്ലശേരി ജംഗ്ഷന് സമീപം മോഷണ ശ്രമത്തിനായി നിൽക്കുന്ന പ്രതികളെ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *