തിരുവനന്തപുരം; സംസ്ഥാനത്തെ വനിതകളുടെ ഉന്നമനത്തിന് മുഖ്യപരിഗണന നൽകിയുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ.സി റോസക്കുട്ടി പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ സ്ത്രീകളുടേയും, ട്രാൻസ്ജെന്റർഴേസിന്റേയും, സിംഗിൽ മദർ തുടങ്ങിയവരേയും സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടു വരികയാണ് ലക്ഷ്യമെന്നും റോസക്കുട്ടി പറഞ്ഞു. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ആയി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ മുന്നേറ്റ രംഗത്ത് വൻ വികസന കുതിപ്പാണ് നടത്തി വരുന്നത്. ഇനിയും കരുത്തോടെ അത് മുന്നോട്ട് കൊണ്ട് പോകുകയാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയൽ 600 കോടിയിൽ പരം രൂപയാണ് വനിതാ വികസന കോർപ്പറേഷൻ വഴി വിവിധ പദ്ധതികൾക്കായി നൽകിയിട്ടുള്ളത്. അതിന്റെ തുടർ പദ്ധതികൾക്ക് കൂടുതൽ പ്രധാന്യം നൽകുകയാണ് ലക്ഷ്യമെന്നും ചെയർപേഴ്സൺ പറഞ്ഞു.
വനിതാ വികസന കോർപ്പറേഷൻ എംഡി, വി.സി ബിന്ദു ചുമതലയേൽക്കാൻ എത്തിയ ചെയർപേഴ്സനെ സ്വീകരിച്ചു. ഫിനാൻസ് ഓഫീസർ പി.കെ. ഷീജ, എച്ച്. ആർ ആൻഡ് അഡ്മിൻ ഹെഡ് . എ. സ്റ്റാൻലി,റീജണൽ മാനേജർ വിപിൻ. വി, റീച്ച് ടീം ലീഡർ മഞ്ചു പാർവ്വതി തുടങ്ങിയവർ പങ്കെടുത്തു.
