അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട്, ദുര്‍വ്യയം ഒഴിവാക്കിയും, വൈദ്യുതി കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വാങ്ങൽ കരാറുകളിൽ ഏര്‍പ്പെട്ടു കൊണ്ടും, നിലവിലെ വില കൂടിയ വൈദ്യുതി ലഭിക്കുന്ന കരാറുകളില്‍ നിന്ന് പുറത്ത് വന്നും 2021-22 ല്‍ തന്നെ ബോര്‍ഡിനെ പ്രവര്‍ത്തന ലാഭത്തിൽ എത്തിക്കുമെന്ന്.വൈദ്യുതി വകുപ്പ് മന്ത്രി .കെ.കൃഷ്ണന്‍കുട്ടി. പുതു വത്സരത്തോടനുബന്ധിച്ച് ഓണ്‍ലൈനായി വിളിച്ചു കൂട്ടിയ കെ എസ് ഇ ബി ജീവനക്കാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി, തുടര്‍ച്ചയായ വര്‍ഷങ്ങളിലുണ്ടായ പ്രളയം തുടങ്ങിയ വിപരീത സാഹചര്യം നിലനില്‍ക്കുമ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്ത ജീവനക്കാരെ അദ്ദേഹം ഹാര്‍ദ്ദവമായി അഭിനന്ദിച്ചു. സുസ്ഥിരമായ പ്രവര്‍ത്തന മികവിന് നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലങ്ങളായി മുടങ്ങി കിടക്കുന്ന ആശ്രിത നിയമനം എത്രയും വേഗം നടത്തുന്നതാണ്. സുപ്രീം കോടതി നടപടികള്‍ ത്വരിതപ്പെടുത്താൻ നടത്തിയ ഇടപെടലുകളുടെ ഫലമായി വര്‍ക്കർ, ലൈൻമാൻ, ഓവര്‍സീയർ തുടങ്ങിയ തസ്തികകളില്‍ വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന പ്രമോഷന് വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നതാണ്. പെന്ഷൻ മാസ്റ്റര്‍ ട്രസ്റ്റിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതും, ജീവനക്കാരുടെ പെന്ഷൻ ആനുകൂല്യങ്ങള്‍ യാതൊരു മുടക്കവും വരാതെ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 2022 തൊഴിലാളി ക്ഷേമത്തിന്റെയും സുരക്ഷയുടെയും വര്‍ഷമായി ആചരിക്കുമെന്നും, KSEB രൂപീകരിച്ചതിനു ശേഷം തൊഴിലെടുക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളില്‍ മരണമടഞ്ഞ ജീവനക്കാര്‍ക്ക് ഉചിതമായ ഒരു സ്മാരക ശില വൈദ്യുതി ബോര്‍ഡിന്റെ ആസ്ഥാനത്ത് സ്ഥാപിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
കെ എസ് ഇ ബിയ്ക്ക് ദോഷകരമാകുന്ന പ്രതിപ്രവര്‍ത്തനത്തിന്റെ ലാഞ്ചനകൾ ചില കോണുകളിൽ നിന്നും ഉണ്ടാകുന്നത് ആത്മവിമര്‍ശന ബുദ്ധിയോടെ ജീവനക്കാര്‍ പരിശോധിക്കേണ്ടതാതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ, വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തതയില്‍ എത്തിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ രണ്ടാം നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം 2023 – ല്‍ ആരംഭിക്കാൻ ലക്ഷ്യമിടുന്നു. നിര്‍മ്മാണം ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്ന, 24 മെഗാവാട്ടിന്റെ പെരിങ്ങല്‍കുത്ത്, 40 മെഗാവാട്ടിന്റെ തോട്ടിയാർ, 24 മെഗാവാട്ടിന്റെ ഭൂതത്താന്‍ കെട്ട്, 60 മെഗാവാട്ടിന്റെ പള്ളിവാസൽ എന്നീ പദ്ധതികൾ 2022 ല്‍ കമ്മീഷൻ ചെയ്യുന്നതിനുള്ള ലക്ഷ്യമിട്ട് പ്രവര്‍ത്തനം പുരോഗമിക്കുന്നു. ജനകീയ ഹരിത ഊര്‍ജ്ജ മിഷനിലൂടെ ഈ സര്‍ക്കാരിന്റെ കാലത്ത് 3000 മെഗാവാട്ട് സൌരോര്‍ജ്ജ ഉല്‍പ്പാദനം ലക്ഷ്യമിടുന്നു.
വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങൾ സര്‍ക്കാർ വകുപ്പുകൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖലയും സംസ്ഥാനമൊട്ടാകെ സ്ഥാപിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.
പരാതികളുമായി ഓഫീസുകളിൽ വരുന്നവരോട് സേവന മനോഭാവത്തോടെ പെരുമാറേണ്ടതും, പരിഹരിക്കേണ്ടവ കാലതാമസം കൂടാതെ പരിഹരിക്കേണ്ടതുമായണെന്ന് മന്ത്രി ജീവനക്കാരോട് പറഞ്ഞു. “സേവനം വാതിൽപ്പടിയിൽ” പദ്ധതി പരമാവധി പ്രയോജനപ്പെടുത്തി, ഉപഭോക്താക്കളെ ഓഫീസില്‍ വരുത്താതെയും രേഖകളുടെ അസ്സല് പതിപ്പ് ഡിജിറ്റല്‍ രൂപത്തിൽ മാത്രം സ്വീകരിച്ചും മെച്ചപ്പെട്ട സേവന അന്തരീക്ഷം സൃഷ്ടിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗത്തില്‍ വൈദ്യുതി വകുപ്പിന്റെ കഴിഞ്ഞ 6 മാസത്തെ നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
