തിരുവനന്തപുരം :-കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഞായറാഴ്ചയിലെ കർശന നിയന്ത്രണം നടപ്പിലാക്കുന്നതിന് തിരുവനന്തപുരം നഗരത്തിൽ സിറ്റി പോലീസ് വിപുലമായ സുരക്ഷാ പരിശോധനാ സംവിധാനങ്ങൾ
ഏർപ്പെടുത്തിയതായി ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ജി.സ്പർജൻകുമാർ അറിയിച്ചു.
രണ്ടു തലത്തിലുളള സുരക്ഷ പരിശോധന സംവിധാനമാണ് നഗരത്തിൽ ഏർപ്പെടുത്തിയിട്ടുളളത്. നഗരാതിർത്തി പ്രദേശങ്ങളായ 18 സ്ഥലങ്ങൾ പോലീസ് ബാരിക്കേഡ് വച്ച് പൂർണ്ണമായും അടച്ചു വാഹന പരിശോധന നടത്തും. അതോടൊപ്പം നഗരത്തിനുള്ളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കൊണ്ട് 2 തലങ്ങളായി തിരിച്ചാണ് വാഹന പരിശോധന നടത്തുന്നത്. ഇപ്രകാരം മേഖല ഒന്നിൽ 38 ചെക്കിംഗ് പോയിന്റുകളും മേഖല രണ്ടിൽ 27 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട് . കൂടാതെ അനാവശ്യയാത്രകൾ നിയന്ത്രിക്കുന്നതിനും മറ്റു സുരക്ഷ പരിശോധനകൾ നടത്തുന്നതിനുമായി ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും എസ് എച്ച് ഓമാരുടെ നേതൃത്വത്തിൽ രണ്ടു വീതം ജീപ്പ്, ബൈക്ക് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റിയിലെ ട്രാഫിക് വിഭാഗത്തിൽ നിന്നും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വാഹന പരിശോധനക്കായി നിയമിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
വാഹനങ്ങൾ കർശന പരിശോധനക്ക് ശേഷമേ കടത്തി വിടുകയുള്ളു.അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും മറ്റു അവശ്യ സർവീസ് വിഭാഗത്തിൽ പ്രവർത്തിയെടുക്കുന്നവർക്കും
മാത്രമേ യാത്രകൾ അനുവദിക്കുകയുള്ളു. ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈവശം കരുതേണ്ടതാണ്. ദീർഘദൂര
ബസ്, ട്രെയിൻ, വിമാനയാത്രക്കാർക്ക് യാത്രാ രേഖകൾ കാണിച്ചു സ്റ്റേഷനുകളിലെത്താൻ യാത്ര അനുവദിക്കുന്നതാണ്. രോഗികൾ,
സഹയാത്രികർ, വാക്സിൻ എടുക്കാൻ പോകുന്നവർ, പരീക്ഷാർഥികൾ, ശുചീകരണ തൊഴിലാളികൾ, അടിയന്തര അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ് ജീവനക്കാർ, 24 മണിക്കൂറും പ്രവർത്തിക്കേണ്ടി വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാർ, തുടങ്ങിയവർക്ക് യാത്ര അനുവദിക്കും. ഇവർ ഐ ഡി കാർഡും പരീക്ഷാർഥികൾ ഹാൾടിക്കറ്റും കയ്യിൽ കരുതേണ്ടതാണ്. അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുക്കുകയും,വാഹനങ്ങൾ
പിടിച്ചെടുക്കുകയും ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ അറിയിച്ചു.
മെഡിക്കൽ സ്റ്റോറുകളും മറ്റു അവശ്യ ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമേ ഞായറാഴ്ച പ്രവർത്തിക്കുവാൻ അനുവദിക്കുകയുള്ളു. റസ്റ്റോറന്റുകളും ബേക്കറികളും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതു വരെ ടേക് -എവേ, ഹോം ഡെലിവറി സംവിധാനത്തിൽ പ്രവർത്തിക്കാം.
രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ ഇ-കൊമേഴ്സ്, കൊറിയർ സേവനങ്ങൾ
അനുവദിക്കും. വ്യാപാര സ്ഥാപനങ്ങൾ എസ്. എച്ച്. ഓ മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും തുറന്നു പ്രവർത്തിക്കാൻ അനുവാദമില്ലതത്തും,
കോവിഡ് മാനദണ്ഡങ്ങൾ
പാലിക്കാത്തതുമായ കടകൾക്കെതിരെ കേസെടുക്കുകയും ഇവപൂട്ടിക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യും. ആവശ്യ ഭക്ഷണ സാധനങ്ങൾ വാങ്ങുവാൻ പൊതുജനങ്ങൾ തൊട്ടടുത്ത കടകൾ തെരഞ്ഞെടുക്കേണ്ടതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വ്യാപന നിരക്ക് കുറച്ചു കൊണ്ടു വരുന്നതിനായി പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാതെ പരമാവധി വീടുകളിൽ കഴിയണമെന്നും, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാക്രമീകരണങ്ങളോട് എല്ലാപേരും സഹകരിക്കണമെന്നും വിലക്ക് ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമ
നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ അറിയിച്ചു.
