തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കു വേണ്ടി മാത്രം, പ്രത്യേകമായോ പുതുതായോ സ്വീകരിക്കുന്ന രീതിയല്ല എംബാങ്ക്മെന്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റെയില്‍വേ പദ്ധതികളില്‍ ട്രാക്കുകള്‍ ഒരേ നിരപ്പില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എംബാങ്ക്മെന്റുകള്‍ സ്ഥാപിക്കുന്നത്. ട്രാക്കുകളില്‍ വെള്ളം കയറുന്നത് ഒഴിവാക്കാനും എംബാങ്ക്മെന്റെുകള് സഹായകമാകും. രാജ്യത്തുടനീളം റെയില്‍വേ ഇത് ചെയ്യുന്നുണ്ട്. കേരളത്തിലെ നിലവിലെ റെയില്‍വേ പാതകള്‍ക്ക് 17 മീറ്റര്‍ വരെ ഉയരത്തിലുള്ള എംബാങ്ക്മെന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട് -അദ്ദേഹം വ്യക്തമാക്കി.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ വിവിധ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ 292.728 കി.മി, അതായത് 55 ശതമാനത്തോളമാണ് എംബാങ്ക്മെന്റുകള്‍ സ്ഥാപിക്കുന്നത്. 10 മുതല്‍ 20 മീറ്റര്‍ വീതിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഇവയില്‍ ഭൂരിഭാഗത്തിനും അഞ്ച് മീറ്ററില്‍ താഴെ ഉയരം മാത്രമാണുണ്ടാകുക. 5 മുതല്‍ 8 മീറ്റര്‍ വരെ ഉയരത്തിലുള്ള 74 കി.മി എംബാങ്ക്മെന്റാണ് ഉണ്ടാകുക.
എംബാങ്ക്മെന്റുകളുടെ നിര്‍മാണം കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധവും അതിശയോക്തിപരവുമാണ്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ സവിശേഷത, ആവശ്യമായ ഇടങ്ങളില്‍ അണ്ടര്‍ പാസുകളും കള്‍വര്‍ട്ടുകളും സ്ഥാപിച്ച്, പ്രദേശവാസികള്‍ക്ക് റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുന്നതിനും, നീരൊഴുക്കു സുമഗമാക്കുന്നതിനും ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കുന്നു എന്നതാണ്.
എംബാങ്ക്മെന്റുകളുടെ നിര്‍മ്മാണത്തിനായി ആവശ്യമായി വരുന്ന പ്രകൃതി വിഭവങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍നിന്നു സമാഹരിക്കാനാകും. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ഇത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതി ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ക്കും ഇത്തരത്തില്‍ പ്രകൃതി വിഭവ സാമാഹരണം ആവശ്യമായി വന്നിട്ടുണ്ട്. റോഡ് നിര്‍മാണത്തിനു ശേഷം, ആവശ്യമായി വരുന്ന വീതി കൂട്ടല്‍ പോലുള്ള വികസനത്തിനും പരിപാലനത്തിനും ആവര്‍ത്തന ചെലവ് അനിവാര്യമാണ്. എന്നാല്‍ സില്‍വര്‍ലൈന്‍ പോലുള്ള റെയില്‍വേ പദ്ധതികള്‍ക്ക് ഇത്തരത്തിലുള്ള ആവര്‍ത്തന ചെലവ് ആവശ്യമായി വരാത്തതിനാല്‍ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം താരതമ്യേന കുറവാണ്. ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ പ്ലാറ്റിനം റേറ്റിങ്ങ് നിലവാരത്തെ ആസ്പദമാക്കി ഹരിത പ്രോട്ടോക്കോള്‍ അവലംബിക്കുന്നതിനാല്‍ സാധാരണ ഇത്തരം നിര്മ്മാണപ്രക്രിയകള്ക്ക് വിനിയോഗിക്കേണ്ടി വരുന്നത്ര പ്രകൃതിവിഭവങ്ങള്‍ സില്‍വര്‍ലൈനില്‍ ഉപയോഗിക്കേണ്ടി വരില്ല. പ്രകൃതിവിഭവങ്ങള്‍ ഏറ്റവും കുറഞ്ഞ അളവില്‍ ഉപയോഗിക്കുന്നതിനായുള്ള പഠനങ്ങള്‍ നടന്നുവരുന്നു. അവയുടെ കണ്ടെത്തലുകള്‍ വന്ന ശേഷമേ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ.
പരിസ്ഥിതിയെ കൂടി കണക്കിലെടുത്തു കൊണ്ടുള്ള നിര്‍മാണമാണ് സില്‍വര്‍ലൈന്‍ പദ്ധതിക്കായി വിഭാവനം ചെയ്യുന്നത്. പ്രകൃതി ദുരന്തങ്ങള്‍ സൃഷ്ടിക്കാത്ത തരത്തിലുള്ള ക്രമീകരണങ്ങള്‍ ഇതിന്റെ ഭാഗമായി തന്നെ ഉണ്ടാകും. വെള്ളമൊഴുകിപ്പോകാനുള്ള കള്‍വര്‍ട്ടുകള്‍ ഇതിന്റെ ഭാഗമായി നിര്‍മിക്കും. വെള്ളപ്പൊക്കം സംബന്ധിച്ച കണക്കുകളെടുത്തു ്അതില്നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ എന്ന നിലയിലാണ് സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഘടന രൂപകല്പന ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളത് -മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
