തിരുവനന്തപുരം : മഴക്കാലത്ത് വെട്ടുകാട് ഈന്തിവിളാകം പ്രദേശത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെറിയ മഴപെയ്യുമ്പോള്‍ പോലും വെട്ടുകാട് ഈന്തിവിളാകം പ്രദേശത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായി ജനജീവിതം ദുസ്സഹമാകുന്ന അവസ്ഥയാണുള്ളത്.
എയര്‍പോര്‍ട്ട്, ശംഖുമുഖം, ഐഎസ്ആര്‍ഒ, വെട്ടുകാട് തീര്‍ത്ഥാടന കേന്ദ്രം, വേളി ടൂറിസ്റ്റ് വില്ലേജ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും മഴക്കാലത്ത് ബുദ്ധിമുട്ടാവും. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റുവാന്‍ സാധിക്കാത്ത ദുരവസ്ഥ പരിഹരിക്കണമെന്ന ഈന്തിവിളാകം പ്രദേശത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
ഈന്തിവിളാകം ഭാഗത്തുനിന്നും പാര്‍വതി പുത്തനാറിലേക്ക് അധികജലം ഒഴുകാനുള്ള സംവിധാനമൊരുക്കാന്‍ തയ്യാറാക്കിയ ഒരു കോടി 34 ലക്ഷം രൂപയുടെ പദ്ധതി യോഗം വിലയിരുത്തി. അടുത്ത മഴക്കാലത്തിനു മുന്‍പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്കി. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്, കൗണ്‍സിലര്‍ ക്ലൈനസ് റൊസാരിയോ, പൊതുമരാമത്ത്, നഗരസഭ, കേരള റോഡ് ഫണ്ട് ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, സ്വീവേജ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
