ചെങ്ങന്നൂർ: സിൽവർ ലൈൻ ബോധവത്കരണവുമായി വീട്ടിലേക്ക് വരേണ്ടന്ന പോസ്റ്ററുമായി നാട്ടുകാർ. വെൺമണി പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് നാട്ടുകാർ വീടുകൾക്ക് മുന്നിൽ പോസ്റ്റർ പതിപ്പിച്ചത്. ജനരോഷം ശക്തമായതോടെ മന്ത്രി സജി ചെറിയാനും സിപിഎം പ്രവർത്തകരും പ്രദേശത്തെ വീടുകളിൽ കയറി ഇറങ്ങിയിരുന്നു. പിന്നാലെയാണ് വീട്ടിന് മുന്നിൽ പോസ്റ്റർ പതിപ്പിച്ചത്.
‘കെ-റെയിൽ വരണം, കേരളം വളരണം’ എന്ന ടാഗ് ലൈനോടെയാണ് സിപിഎം പ്രചാരണം നടത്തുന്നത്. ഇതുസംബന്ധിച്ച ലഘുലേഖകളും പ്രവർത്തകർ വിതരണം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ കെ-റെയിൽ ഈ വീടിന്റെ ശാപം, ഈ നാടിന്റേയും, കെ-റെയിൽ വേണ്ട’ എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് വീടിന് മുന്നിൽ ഒട്ടിച്ചിരിക്കുന്നത്.
വെണ്മണിയിൽ തന്നെ പ്രചാരണത്തിനെത്തിയ സിപിഎം പ്രവർത്തകരെ ഓടിക്കുന്ന വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. കെ-റെയിലിനെ പറ്റി സഖാക്കൾ കുടുംബത്തോട് വിശദീകരിക്കുമ്പോൾ, ‘ഞങ്ങൾക്ക് ഒരു സംഘടനയും വേണ്ട, ഞങ്ങൾ യാതൊരു സംഘടനയിലില്ലാത്തവരാണ്. കെ-റെയിൽ വേണ്ട’ എന്നൊക്കെയാണ് വീട്ടുകാർ പറയുന്നത്.
