കണ്ണൂര്‍: പടന്നപാലത്ത് നിന്ന് പൊലീസ് ലക്ഷങ്ങള്‍ വിലമതിക്കുന്ന 207 എല്‍.എസ്.ഡി സ്റ്റാമ്ബുകളും, ലഹരി ഗുളികകളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി അറസ്റ്റിലായ ബല്‍ക്കീസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നാണ്, ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. വര്‍ഷങ്ങളായി ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്യുന്ന സ്ഥാപനത്തിന്റെ മറവില്‍, ബല്‍ക്കീസും ബന്ധുവും ചേര്‍ന്ന് വ്യാപകമായി ലഹരി വില്‍പ്പന നടത്തുകയായിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ്, മുഴപ്പിലങ്ങാട് സ്വദേശികളായ ബല്‍ക്കീസിനെയും, ഭര്‍ത്താവ് അഫ്സലിനെയും രണ്ട് കിലോയോളം എം.ഡി.എം.എയുമായി പൊലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്ന് ബസില്‍ ചുരിദാര്‍ പീസുകളുടെ പാഴ്സലില്‍ ഒളിപ്പിച്ചുകൊണ്ടാണ് ഇവര്‍ ലഹരിമരുന്ന് കടത്തിയത്. ഈ പാഴ്സല്‍ ഏറ്റുവാങ്ങാന്‍ എത്തിയപ്പോഴാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ബല്‍ക്കീസിനും ഭര്‍ത്താവിനും പുറമെ, ഇവരുടെ ബന്ധുവും, പടന്നപാലത്തെ കടയുടെ ഉടമയുമായ ജനീസിനും ലഹരികടത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്, ഇവര്‍ സ്ഥിരമായി ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചത്. ഇതിന് പിന്നാലെയാണ് പൊലീസ് ബല്‍ക്കീസ് ജോലി ചെയ്തിരുന്ന പടന്നപാലത്തെ കടയില്‍ റെയ്ഡ് നടത്തിയത്.
